
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് തിരുവനന്തപുരത്ത് ജീവനൊടുക്കിയ ആർ എസ് എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തൃക്കണ്ണാപുരത്തെ വീട്ടിൽ വൈകിട്ടോടെയാണ് സംസ്കാരം. അതേസമയം, ബിജെപി – ആർഎസ്എസ് നേതാക്കളെയോ പ്രവർത്തകരെയോ മൃതദേഹം കാണിക്കരുതെന്നാണ് ആനന്ദ് ആത്മഹത്യാക്കുറിപ്പിൽ അഭ്യർത്ഥിച്ചത്. ബിജെപി നേതൃത്വത്തിനെതിരെയും പ്രാദേശിക നേതാക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ആനന്ദിന്റെ ആത്മഹത്യ കുറിപ്പിലുള്ളത്.




