തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെത്തുടരെയുണ്ടാകുന്ന പേവിഷ മരണങ്ങളില്‍ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്. പുറത്തുനിന്നുള്ള വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ഓരോ കേസുകളും പ്രത്യേകം പരിശോധിക്കാനാണ് ആലോചന. തെരുവുനായ ശല്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെടും. കൊല്ലം സ്വദേശിയായ ഏഴ് വയസ്സുകാരിയുടെ മരണത്തിന് പിന്നാലെ ആരോഗ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. നാല് കുട്ടികളുള്‍പ്പടെ നാല് മാസത്തിനുള്ളില്‍ 14 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.
ഓരോ മരണങ്ങളിലും, പ്രത്യേകിച്ച് കുട്ടികളുടെ മരണങ്ങളില്‍ സമഗ്ര പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഇതില്‍ പുറത്തുനിന്നുള്ള വിദഗ്ധരുടെ സഹായം തേടാനും ആലോചനയുണ്ട്. അതേസമയം പേവിഷ ബാധയ്ക്കുള്ള വാക്‌സിനിലോ, വാക്‌സിനേഷന്‍ പ്രക്രിയയിലോ ഒരു സംശയവും വേണ്ടെന്നും ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എന്നാല്‍ പേവിഷ മരണസംഖ്യ കേരളത്തില്‍ കുറവെന്ന് പറയുമ്പോഴും അടിയന്തര ശ്രദ്ധ വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പേവിഷ പ്രതിരോധത്തിന് സംസ്ഥാനത്തെ എബിസി കേന്ദ്രങ്ങള്‍ 22 ല്‍ നിന്ന് 35ലേക്ക് ഉടന്‍ ഉയര്‍ത്തുമെന്നാണ് വകുപ്പുകള്‍ വിശദീകരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് പുതിയ എബിസി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് 2023ലെ കേന്ദ്ര അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഉള്‍പ്പടെയുള്ള നിലവിലുള്ള നിയമ വ്യവസ്ഥകള്‍ തടസ്സമാകുന്നുവെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരിക്കുന്നത്. സിസിടിവി, ഇന്‍സിനറേറ്റര്‍ തുടങ്ങി സംവിധാനങ്ങള്‍ അടിസ്ഥാന എബിസി കേന്ദ്രങ്ങളില്‍ വേണം. 2000 എബിസി സര്‍ജറികള്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരെയായിരിക്കണം നിയോഗിക്കേണ്ടത്. ഇതെല്ലാമാണ് പ്രായോഗിക തടസ്സങ്ങളായി ചൂണ്ടിക്കാട്ടുന്നത്. കുടുംബശ്രീ മുഖേനയുള്ള എബിസി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതും തിരിച്ചടിയാണ്. ആവശ്യത്തിന് ഡോഗ് ക്യാച്ചര്‍മാരുമില്ല. തദ്ദേശ സ്വയംഭരണ വകുപ്പും, മൃഗ സംരക്ഷണ വകുപ്പും ചേര്‍ന്നാണ് എബിസി പദ്ധതി നടപ്പാക്കുന്നത്.
വാക്സീനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുന്നത് ആവര്‍ത്തിക്കുന്നതില്‍ ആശങ്കയിലാണ് ജനം. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണെന്നതും ആശങ്കയുയര്‍ത്തുന്നു. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസല്‍ എന്ന ഏഴ് വയസുകാരി, പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി (13), മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസുമാണ് (6) പേവിഷ ബാധയേറ്റ് ഒരുമാസത്തിനുള്ളില്‍ മരിച്ചവര്‍.
സംസ്ഥാനത്ത് 2021 ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേരായി മരണ സംഖ്യ ഉയര്‍ന്നു. 2023 ല്‍ 25 പേര്‍. 2024 ല്‍ 26 പേര്‍. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 പേരാണ് മരിച്ചത്. ഇതി. ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതില്‍ വാക്‌സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്‌സീന്‍ എടുത്തിരുന്നില്ല. നായ കടിച്ചാല്‍ ആദ്യ മിനിറ്റുകള്‍ അത്യധികം പ്രധാനമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്‌സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.
കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ കത്തോലിക്കാ സഭ ഇടപെട്ടെിട്ടില്ല; വാര്‍ത്തകള്‍ തള്ളി ദീപിക