കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലെന്ന് റിപ്പോര്‍ട്ട്

കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. വിജയ് അസുഖബാധിതന്‍ ആണെന്നും രോഗം ഉടന്‍ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമര്‍ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമര്‍ പ്രസാദ് ഉപദേശിക്കുന്നു. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.
അതിനിടെ രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടി. ടിവികെ റാലിയില്‍ ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ചെന്നും ഫോണ്‍ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
കരൂരിലെ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ അനുമതി തേടി വിജയ് ഹൈക്കോടതിയില്‍. സന്ദര്‍ശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയാണ് ആസൂത്രകന്‍ എന്നും സത്യവങ്മൂലത്തില്‍ ആരോപിക്കുന്നു.


