Blog

റിപ്പോർട്ടർ ടിവിക്ക് സുരക്ഷാ ക്ലിയറൻസില്ല; ചാനൽ ഉടൻ അടച്ചുപൂട്ടണമെന്ന് സാബു എം. ജേക്കബ്

കൊച്ചി: റിപ്പോർട്ടർ ടിവിയുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധവും ദുരൂഹവുമാണെന്ന് ആരോപിച്ചുകൊണ്ട് ട്വന്റി 20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് എം ഡിയുമായ സാബു എം ജേക്കബ് രംഗത്ത്. ചാനൽ നടത്താൻ ആവശ്യമായ ദേശീയ സുരക്ഷാ ക്ലിയറൻസോ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ഇല്ലാതെയാണ് കഴിഞ്ഞ രണ്ട് വർഷമായി റിപ്പോർട്ടർ ടി വി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഒരു പാസ്‌പോർട്ട് എടുക്കാൻ പോലും പൊലീസ് ക്ലിയറൻസ് വേണ്ട സാഹചര്യത്തിൽ, യാതൊരുവിധ സുരക്ഷാ പരിശോധനകളുമില്ലാതെ ഒരു സാറ്റലൈറ്റ് ചാനൽ എങ്ങനെ പ്രവർത്തിച്ചുവെന്നത് ഗൗരവകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചാനൽ ഇന്ന് തന്നെ അടച്ചു പൂട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരംമുറിക്കേസിൽ ജയിലിൽ പോയ വ്യക്തി പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ മോചിതനായതും തുടർന്ന് ചാനൽ ഉടമയായി മാറിയതും സംശയാസ്പദമാണെന്നും സാബു എം ജേക്കബ് പറഞ്ഞു. നികേഷ് കുമാർ, റാണി എന്നിവരുടെ പേരിലുള്ള ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര സർക്കാർ നേരത്തെ റദ്ദാക്കിയതാണ്. നിയമപരമായി ഒരു നിമിഷം പോലും പ്രവർത്തിക്കാൻ അനുവാദമില്ലാത്ത ഈ ചാനൽ, കോടികൾ മുടക്കി കെട്ടിപ്പൊക്കിയത് എങ്ങനെയെന്ന് സി ബി ഐയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ചാനലിനേക്കാൾ മോശമായ രീതിയിലാണ് റിപ്പോർട്ടർ ടിവി സർക്കാരിന്റെ അഴിമതികളെ ന്യായീകരിക്കുന്നതെന്ന് സാബു ജേക്കബ് വിമർശിച്ചു. മെസ്സി വരുമെന്ന് പറഞ്ഞ് കൊച്ചി കലൂർ സ്റ്റേഡിയം നവീകരിക്കാൻ കോടികൾ മുടക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ സാമ്പത്തിക സ്രോതസ്സ് എവിടെ നിന്നാണെന്നും അദ്ദേഹം ചോദിച്ചു. തട്ടിക്കൂട്ട് പ്രസ്ഥാനമായ ഈ ചാനലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടു.

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഇന്നലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. റിപ്പോർട്ടർ ചാനലിന്‍റെ ലൈസൻസ് ചോദ്യം ചെയ്തുള്ള സാബു എം ജേക്കബിന്‍റെ ഹർജിയിലാണ് റിപ്പോർട്ടർ ചാനലിന്‍റെ ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ വാക്കാൽ അറിയിച്ചത്. എം വി നികേഷ്‌ കുമാർ, റാണി വർഗീസ് എന്നിവരാണ് INDOASIAN കമ്പനിയുടെ ഡയറക്ടർമാർ. ചട്ടം മറികടന്നാണ് ചാനലിന്‍റെ ലൈസൻസ് കൈമാറിയത് എന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. നിലവിലെ ഡയറക്ടർമാർ എന്ന് പറയുന്നവർക്ക് നിയമപരമായി ചാനൽ നടത്താൻ അവകാശമില്ലെന്നും സാബു എം ജേക്കബ് ഹർജിയില്‍ പറയുന്നത്. ലൈസൻസ് കൈമാറിയ കാര്യം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ഹർജിയിൽ ലൈസൻസ് ഉടമ എം വി നികേഷിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകാനാണ് നിർദേശം. വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃത നടപടി സ്വീകരിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button