‘ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കണം’; ധനമന്ത്രിക്ക് കത്തയച്ച് നിതിന്‍ ഗഡ്കരി

ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇക്കാര്യം ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. മെഡിക്കല്‍ ഇന്‍ഷുറന്‍സിന് നികുതി ചുമത്തുന്നത് സാമൂഹിക പ്രാധാന്യമുള്ള ഈ മേഖലയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവെന്ന് നിതിന്‍ ഗഡ്കരി വാദിച്ചു. നിലവില്‍ ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനമാണ് ജിഎസ്ടി. 18 ശതമാനം ജിഎസ്ടി ചുമത്തുന്നത് മൂലം മേഖല നേരിടുന്ന ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി നാഗ്പൂര്‍ ഡിവിഷണല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി ധനമന്ത്രിക്ക് കത്തയച്ചത്.
‘മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവയുടെ ജിഎസ്ടി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം പരിഗണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ തന്നെ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 18 ശതമാനം ജിഎസ്ടി സാമൂഹിക പ്രാധാന്യമുള്ള ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് തടസ്സമാണെന്ന് തെളിയിക്കുന്നു’- നിതിന്‍ ഗഡ്കരി പറഞ്ഞു.ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍ ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജിഎസ്ടി 12 ശതമാനമായി കുറയ്ക്കണമെന്ന് വാദിക്കുമ്പോഴാണ് രണ്ട് മേഖലകളിലെയും ജിഎസ്ടി പൂര്‍ണമായി നീക്കം ചെയ്യണമെന്ന് നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടത്. ഓഗസ്റ്റില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇതില്‍ ഇക്കാര്യം പരിഗണനയ്ക്ക് വരുമോ എന്ന ആകാംക്ഷയിലാണ് മേഖലയിലുള്ളവര്‍.