കാസര്‍കോട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശിയായ മുബഷീര്‍ ആണ് മരിച്ചത്. 2016ലെ പോക്സോ കേസില്‍ ഈ മാസമാണ് പ്രതി അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ മുബഷീറിനെ റിമാന്‍ഡ് ചെയ്തിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് മുബഷീറിനെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ചികിത്സയ്ക്കിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനിടെ, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ച് രംഗത്തെത്തി. ജയിലില്‍ മര്‍ദനമേറ്റുവെന്ന് മുബഷീര്‍ നേരത്തെ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ജയിലില്‍ ചില ഗുളികകള്‍ കഴിപ്പിച്ചെന്നും അത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് മാധ്യമങ്ങളോട് പറഞ്ഞു. ശരീരം വീര്‍ത്ത നിലയിലായിരുന്നുവെന്നും, ശരീരത്തില്‍ നീലക്കറകള്‍ ഉണ്ടായിരുന്നുവെന്നും, മര്‍ദനത്തിന്റെ സൂചനയാണിതെന്നും ബന്ധുക്കള്‍ സംശയം ഉന്നയിച്ചു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊലീസുകാരുടെ മര്‍ദനമാണ് മരണ കാരണമെന്ന് സംശയിക്കുന്നുവെന്നുമാണ് ബന്ധുക്കളുടെ നിലപാട്.


