റജിസ്ട്രാര്‍ അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി; തടയണമെന്ന നിര്‍ദേശം അനുസരിക്കാതെ സുരക്ഷ ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: വിസിയുടെ ഉത്തരവ് തള്ളി കേരള സര്‍വകലാശാലയിലെത്തി റജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അനില്‍കുമാര്‍ പറഞ്ഞു. മിനി കാപ്പന് റജിസ്ട്രാര്‍ ചുമതല നല്കി കൊണ്ട് വിസി മോഹന്‍ കുന്നുമ്മേല്‍ ഉത്തരവിറക്കിയിരുന്നു. അനില്‍ കുമാര്‍ എത്തിയാല്‍ തടയാനും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് റജിസ്ട്രാര്‍ അനില്‍കുമാര്‍ കേരള സര്‍വകലാശാലയിലെത്തി ഓഫീസില്‍ പ്രവേശിച്ചത്. വിസിയുടെ നിര്‍ദേശ പ്രകാരം റജിസ്ട്രാറെ തടയാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
അവധി ചോദിച്ച റജിസ്ട്രാര്‍ അനില്‍ കുമാറിനോട്, സസ്പെന്‍ഷനിലായ റജിസ്ട്രാര്‍ക്ക് എന്തിനാണ് അവധി എന്നായിരുന്നു വിസി മോഹന്‍ കുന്നുമലിന്റെ ചോദ്യം. തന്റെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് റദ്ദാക്കി എന്നായിരുന്നു റജിസ്റ്റാറുടെ മറുപടി.
ജൂലൈ 9 മുതലാണ് റജിസ്ട്രാര്‍ അവധിക്ക് അപേക്ഷിച്ചത്. തന്റെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സസ്പെന്‍ഷനിലിരിക്കുമ്പോള്‍ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് വിസി മോഹന്‍ കുന്നുമ്മല്‍ മറുപടിയായി നല്‍കിയത്.




