ചെങ്കോട്ട കാര്‍ സ്ഫോടനം; അന്വേഷണം ദുബായിലേക്കും

ഡല്‍ഹി സ്ഫോടനത്തില്‍ പാക് ബന്ധം സംശയിച്ച് അന്വേഷണ ഏജന്‍സികള്‍. വൈറ്റ് കോളര്‍ ഭീകരസംഘവും ജെയ്ഷെ ഇ മുഹമ്മദ് സംഘവും തമ്മിലുള്ള പ്രധാന കണ്ണി ദുബായിലുള്ള മുസാഫിര്‍ റാത്തറെന്നാണ് കണ്ടെത്തല്‍. റാത്തറുടെ പാക് സന്ദര്‍ശനം എന്‍ഐഎ സ്ഥിരീകരിച്ചു.
ചെങ്കോട്ട കാര്‍ സ്ഫോടനത്തിന്റെ അന്വേഷണം ദുബായിലേക്കും നീളുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വൈറ്റ് കോളര്‍ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടനയും തമ്മിലുള്ള പ്രധാന കണ്ണി നിലവില്‍ ദുബായില്‍ ഉള്ള മുസാഫിര്‍ റാത്തര്‍ എന്ന് കണ്ടെത്തി. ഇയാള്‍ പാകിസ്താന് സന്ദര്‍ശിച്ചിട്ടുണ്ട് എന്നും രണ്ടുമാസം മുമ്പാണ് ദുബായിലേക്ക് പോയതെന്നും സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘം.
ഇയാളെ തിരികെ കൊണ്ടുവരാന്‍ പൊലീസ് നീക്കങ്ങള്‍ ആരംഭിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കള്‍ വാങ്ങിയ കടകള്‍ അന്വേഷണ സംഘം കണ്ടെത്തി. പല്‍വാള്‍, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് സാമഗ്രികള്‍ വാങ്ങിയതെന്ന് കണ്ടെത്തി. വിതരണക്കാര്‍ക്ക് കുറ്റവാളികളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ കട ഉടമകളെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം.
പ്രതികള്‍ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവച്ചത് ഒരു സ്വിസ് ആപ്ലിക്കേഷന്‍ വഴിയാണെന്ന വിവരം ഇന്നലത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ മാപ്പുകള്‍, ആക്രമണ രീതികള്‍, ബോംബ് നിര്‍മാണത്തിനുള്ള നിര്‍ദേശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി ആക്രമണവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെല്ലാം പ്രതികള്‍ പങ്കുവച്ചത് ഈ ആപ്പ് വഴിയാണ്.




