Kerala

റേഷന്‍ വാതില്‍പ്പടി സേവനം: കുടിശ്ശിക നൽകുമെന്ന മന്ത്രിയുടെ ഉറപ്പ്; ലോറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

റേഷന്‍ വാതില്‍പ്പടി സേവനത്തില്‍ ലോറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മന്ത്രി ജിആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലോറി ഉടമകളുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. സെപ്റ്റംബര്‍ മാസത്തെ 40% കുടിശ്ശികയും, നവംബര്‍ മാസത്തെ 60% കുടിശ്ശികയും നല്‍കും. ഒക്ടോബര്‍ മാസത്തെ കുടിശ്ശിക പൂര്‍ണമായും നല്‍കും. ജനുവരി ഒന്നു മുതല്‍ റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ സമരത്തിലായിരുന്നു. തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകളിലേക്ക് ധാന്യങ്ങള്‍ എത്തിക്കാന്‍ സജ്ജരാണെന്ന് വാതില്‍പ്പടി വിതരണക്കാര്‍ അറിയിച്ചു.

ലോറി ഉടമകളുടെ സമരത്തിൽ ഇന്ന് സംഘടനാ പ്രതിനിധികളുമായി ചർച്ച ചെയ്തതായും കുടിശ്ശിക കൊടുത്തുതീർക്കാൻ ചർച്ചയിൽ ധാരണയായി മന്ത്രി ജിആർ അനിലും അറിയിച്ചു. സെപ്റ്റംബർ 40%, നവംബർ മാസത്തെ 60% കുടിശ്ശിക നൽകും. ഒക്ടോബർ മാസത്തെ കുടിശ്ശിക പൂർണമായും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റേഷൻ ലൈസൻസികളോടുള്ള നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അവരുടെ ആവശ്യങ്ങളെല്ലാം സമയമെടുത്ത് ചർച്ച ചെയ്യും. അവർ പറഞ്ഞതെല്ലാം ഉൾക്കൊള്ളും.വേതന വർധനവിന്‍റെ വിഷയം മാത്രമാണ് ഇപ്പോൾ പരിഗണിക്കാൻ കഴിയാത്തത്. എന്നാൽ അതും തള്ളിക്കളയുന്ന വിഷയമല്ല എന്ന് അവരോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വ്യാപാരികള്‍ മറ്റന്നാള്‍ മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button