ചിരിയുടെ അരങ്ങിൽ നിന്ന് ജനങ്ങളുടെ മനസിലേക്ക് ‘; പാലക്കാട് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ രമേഷ് പിഷാരടി

കൊച്ചി: കോൺഗ്രസ് സ്ഥാനാർഥിയായി പാലാക്കാട്ട് മത്സരിക്കുന്ന വിവരം പങ്കിട്ട് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പുതിയ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള കുറിപ്പ് പങ്കിട്ടത്. കോൺഗ്രസിന്റെ ആദ്യ ഘട്ട പട്ടിക പുറത്തു വന്ന് സെക്കൻഡുകൾക്കുള്ളിൽ തന്നെ അദ്ദേഹം കുറിപ്പ് പങ്കിട്ടു.
ഇതാദ്യമായാണ് രമേഷ് പിഷാരടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. നേരത്തെ കോൺഗ്രസിന്റെ വിവിധ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പ്
ജനവിധി തേടി ജന്മ നാട്ടിലേക്ക്
പ്രിയപെട്ടവരെ കഴിഞ്ഞ 25 വർഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷൻ, സിനിമ ,മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങൾക്ക് മുന്നിലെത്തിയ ആളാണ് ഞാൻ. ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായി എന്ന് വിശ്വസിക്കുന്നു.
ഇനി പുതിയ ഒരു ഉത്തരവാദിത്വവമുയി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക് ; നിയമസഭാ സ്ഥാനാർഥി ആയി
സ്വാതന്ത്ര്യ സമരം മുതൽ ‘ഇന്ത്യ’എന്ന മഹാരാജ്യം ; മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട് കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം.
അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ ആണ് മത്സരിക്കുക…….
അഭിമാനം സന്തോഷം
ഇനി പാലക്കാടുള്ള ജനങ്ങൾക്കും….അവരുടെ ആവശ്യങ്ങൾക്ക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന.
അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമം….
കക്ഷി രാഷ്ട്രീയത്തിന്റെയോ,വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേർതിരിവും വേലികളും ഇല്ലാത്ത സ്നേഹം ആണ് ഞാൻ നിങ്ങളിൽ നിന്നും അനുഭവിച്ചത്
എനിക്ക് തന്ന സ്നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യും.
കഴിഞ്ഞ കാലങ്ങളിൽ എന്നപോലെ ഒപ്പം നിങ്ങൾ ഉണ്ടെന്ന വിശ്വാസത്തോടെ…
സ്നേഹത്തോടെ
രമേഷ് പിഷാരടി…


