സംസ്ഥാന പൊലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ പത്രസമ്മേളനം നടക്കുന്ന ഹാളില്‍ എത്തിയ വ്യക്തി ഡിജിപിയോട് താന്‍ നല്‍കിയ പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിഷയത്തില്‍ നടപടിയെടുക്കാം എന്ന് ഡിജിപി മറുപടി നല്‍കിയെങ്കിലും ഇയാള്‍ വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പൊലീസ് ഇടപെട്ടു. പിന്നീടാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകനല്ലെന്ന് പൊലീസിന് മനസിലായത്.
പൊലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു പുതിയ ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ പത്രസമ്മേളനം. കാര്യങ്ങളൊക്കെ സംസാരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് മാധ്യമപ്രവര്‍ത്തകണെന്ന പേരില്‍ ഒരാള്‍ ഡിജിപിയോട് തന്റെ പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇയാള്‍ പറഞ്ഞു. താന്‍ സര്‍വീസില്‍ ഉണ്ടായിരുന്ന ആളാണ്. പൊലീസ് യൂണിഫോം സിനിമക്കാര്‍ക്ക് വിറ്റു തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്
’30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍. ഞാന്‍ മീഡിയ വക്താവാണ്. ഇതിനൊരു മറുപടി താ.. .’ എന്ന് അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു. കൈയിലുണ്ടായിരുന്ന പേപ്പറുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതില്‍ അസ്വാഭാവികത തോന്നിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ ഇയാള്‍ മാധ്യമപ്രവര്‍ത്തകനല്ല എന്നറിഞ്ഞതോടെ പൊലീസ് ഇടപെട്ട് മാറ്റുകയായിരുന്നു.
ഈ പരാതിക്കാരന്‍ ആരാണെന്നോ, എന്തായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യമെന്നോ വ്യക്തമായിട്ടില്ല. വാര്‍ത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ തേടിയെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല.