തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; കോണ്‍ഗ്രസിലൂടെ നേടാവുന്ന മുഴുവന്‍ തരൂര്‍ നേടി, ഇനി ലക്ഷ്യം മറ്റെന്തോ

ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിലൂടെ നേടാവുന്ന മുഴുവന്‍ തരൂര്‍ നേടി, ഇപ്പോള്‍ മറ്റ് നേട്ടങ്ങളാണ് ലക്ഷ്യമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. തരൂര്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് എതിരാണ്. പാര്‍ട്ടി പുറത്താക്കണമെന്നാണ് തരൂര്‍ അഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു
‘പാര്‍ട്ടി എംപിമാര്‍ ആരും കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനത്തിന് വ്യത്യസ്തമായി നില്‍ക്കുന്നില്ല. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗമാണ് ശശി തരൂര്‍. അദ്ദേഹം ഒരു വിശ്വപൗരനായതുകൊണ്ടാണ് ഒരു സീറ്റ് നല്‍കി വിജയിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കൊണ്ട് നേടാനാകുന്നതെല്ലാം നേടി. ഇനി വേറെ എന്തെങ്കിലും നേടാനുണ്ടെങ്കില്‍ അതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. ശശി തരൂരിന്റെത് ഒറ്റപ്പെട്ട ശബ്ദമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തെ ഒരിക്കലും പാര്‍ട്ടി പുറത്താക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തുള്ള സകല നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുംകോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളുടെയും വെറുപ്പിനും അപ്രീതിക്കും പാത്രിഭൂതമായിരിക്കുകയാണ്. കോണ്‍ഗ്രസ് തകര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമാണ് തരൂരിനെ പിന്തുണയ്ക്കുന്നത്’.
‘അദ്ദേഹം വളരെ ഓപ്പണായിട്ടാണ് പറയുന്നത്. അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് അറിയില്ല. അരിയാഹാരം കഴിയാത്തവര്‍ക്ക് പോലും അദ്ദേഹം പറയുന്നത് മനസിലാകും. പാര്‍ട്ടിക്ക് ദോഷകരമാകുന്നതാണ് തരൂര്‍ ചെയ്യുന്നത് എല്ലാം. തരൂരിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന്റെ രക്തം സിരകളിലൂടെ ഒഴുകുന്ന ഒരാളും ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ തയ്യാറാകില്ല’- ഉണ്ണിത്താന്‍ പറഞ്ഞു.