NationalSuccess Stories

‘കരുത്തായി അമ്മ മാത്രം’: കുടിലില്‍ നിന്ന് ഐഎഎസുകാരനായ ആദിവാസി ഡോക്ടര്‍; സിനിമയെ വെല്ലും ഈ ജീവിതം | Rajendra bharud IAS

ഒന്ന് ചിണുങ്ങി കരഞ്ഞാല്‍ ആഗ്രഹിക്കുന്നതെന്തും നിമിഷം നേരം കൊണ്ട് മുന്‍പിലെത്തിക്കുന്ന കുട്ടികളുടെയും മാതാപിതാക്കളുടെയും കാലഘട്ടമാണ് ഇത്. എന്നാല്‍ ഇല്ലായ്മയെ മുറുകെ പിടിച്ച് വിജയ ചുവടുകള്‍ താണ്ടിയവരെക്കുറിച്ച് അറിയുന്നത് എപ്പോഴും കൗതുകമുള്ള കാര്യമാണ്. ഇന്ന് നാം അത്തരത്തിലൊരു വ്യക്തിയെ കുറിച്ചാണ് പരിചയപ്പെടുന്നത്.

ഇല്ലായ്മയില്‍ നിന്നും മെഡിക്കല്‍ ബിരുദവും പിന്നീട് ഐ.എ.എസ് എന്ന വലിയ സ്വപ്‌നവും കരസ്ഥമാക്കിയ രാജേന്ദ്ര ഭരൂദ് എന്ന ഐ.എ.സുകാരനെകുറിച്ച്. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലാ മജിസ്‌ട്രേറ്റായാണ് ഇപ്പോള്‍ ഡോ. രാജേന്ദ്ര ബരുദ് സേവനം അനുഷ്ടിക്കുന്നത്.

1988 ജനുവരി 7ന് സക്രി താലൂക്കിലെ സമോഡ് ഗ്രാമത്തിലെ ചെറിയ ഗ്രാമത്തില്‍ ജനിച്ച ഡോ രാജേന്ദ്ര, ബന്ദു ഭരൂദിന്റെയും കമലാബായിയുടെയും മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനാണ്. അമ്മ ഗര്‍ഭിണിയായിരുന്ന സമയത്താണ് അച്ഛന്‍ മരിച്ചത്. അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമുള്ള കുടുംബത്തില്‍ ദാരിദ്ര്യത്തിന്റെ രുചിയറിയാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല.

അമ്മയും അമ്മൂമ്മയും കൂടെ കുടുംബം പുലര്‍ത്താന്‍ ഒരുപാട് ബുദ്ധിമുട്ടി. മഹാരാഷ്ട്രയിലെ ഗോത്രമേഖലയിലെ പരമ്പരാഗത വൈന്‍ നിര്‍മ്മാണത്തിലൂടെയാണ് ആ കുടുംബം വരുമാനം കണ്ടെത്തിയിരുന്നത്. ഒരു ദിവസം ശരാശരി 100 രൂപയായിരുന്നു കുടുംബത്തിന്റെ ആകെ വരുമാനം.

കരിമ്പിന്റെ ഇലകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ കുടിലില്‍ മുഴുവന്‍ കുടുംബവും താമസിച്ചിരുന്നത്.
സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കണമെന്ന് ഏറെ ആഗ്രഹിച്ച രാജേന്ദ്ര ഭരൂദിന്റെ വിഷപ്പടക്കാന്‍ മറ്റാരുടെയെങ്കിലും സഹായം വേണമെന്ന നിലയിലായിരുന്നു.

ദിവസ വരുമാനമായി ആ കുടുംബത്തിന് ലഭിച്ച 100 രൂപ അവരുടെ ദൈനംദിന ചെലവുകള്‍ക്കും വൈന്‍ ഉണ്ടാക്കുന്നതിനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കേണ്ടി വരും. അതിനാല്‍ രാജേന്ദ്രയും സഹോദരിയും അതേ ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്‌കൂളില്‍ പഠിച്ചപ്പോള്‍ സഹോദരന്‍ പ്രാദേശിക ട്രൈബല്‍ സ്‌കൂളില്‍ പഠിക്കേണ്ടി വന്നു.

രാജേന്ദ്ര 5-ാം ക്ലാസില്‍ പഠിക്കുമ്പോള്‍, അവന്‍ അസാധാരണമായ ബുദ്ധിയുള്ള കുട്ടിയാണെന്ന് അവന്റെ അധ്യാപകര്‍ മനസ്സിലാക്കി മാതാപിതാക്കളുടെ ശ്രദ്ദയില്‍പ്പെടുത്തുകയും അവന്റെ അപാരമായ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിന് മെച്ചപ്പെട്ട ഒരു സ്ഥാപനത്തില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്ന് ഉറപ്പാക്കണമെന്ന് അമ്മയോട് അറിയിക്കുകയും ചെയ്തു.

അങ്ങനെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസവും സ്‌കൂള്‍ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്യുന്ന സിബിഎസ്ഇ ബോര്‍ഡായ ജവഹര്‍ നവോദയ വിദ്യാലയ സ്‌കൂളിലേക്ക് രാജേന്ദ്രയെ അയച്ചു. അവധി ദിവസങ്ങളില്‍ മദ്യം വില്‍ക്കാന്‍ അമ്മയെ സഹായിച്ചു. യത്ഥാര്‍ത്ഥത്തില്‍ നവോദയ സ്‌കൂള്‍ കാലഘട്ടമാണ് രാജേന്ദ്രന്റെ ജീവിതം മാറ്റിമറിച്ചത്. ഇവിടെ വെച്ച് അദ്ദേഹം ഗണിതത്തിലും ശാസ്ത്രത്തിലും അഭിനിവേശം വളര്‍ത്തിയെടുത്തത് .12ാം ക്ലാസ്സ് വരെ ഒന്നാമനായി .

പിന്നീട് മുംബൈയിലെ സേത്ത് ജിഎസ് മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പോടെ പ്രവേശനവും നേടി. പിന്നീട് എപ്പഴോ, എംബിബിഎസ് എന്ന മോഹമുപേക്ഷിച്ച് യുപിഎസ്സി പരീക്ഷകള്‍ക്ക് പഠിക്കാന്‍ തീരുമാനിച്ചു. ഇത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.

പക്ഷേ രാജേന്ദ്ര അതിന് വേണ്ടി കഷ്ടപ്പെട്ടു. ഒടുവില്‍ വിജയം കരസ്ഥമാക്കി. മെഡിസിന്റെ അവസാന വര്‍ഷത്തില്‍ എംബിബിഎസ് പരീക്ഷയ്ക്കൊപ്പം യുപിഎസ്സി പരീക്ഷയും എഴുതി ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ചു എന്നത് രജേന്ദ്രയുടെ അധ്യാപകര്‍ക്കടക്കം ഇപ്പോഴും കൗതുകമാണ്.

ഐ.എ.എസ് പട്ടം നേടിയ ശേഷം അദ്ദേഹം നാടിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല . സോളാപ്പൂരില്‍ ജില്ലാ പരിഷത്ത് ഓഫീസറായിരുന്ന കാലത്ത് തുറന്ന ഓടകള്‍ ഇല്ലാതാക്കുന്ന അഴുക്കുചാല്‍ സംവിധാനം ഏര്‍പ്പെടുത്തി. മണ്ണിലേക്ക് എത്തുന്നതിന് മുമ്പ് മലിനജലം ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സോക്ക്-പിറ്റുകള്‍ സ്ഥാപിച്ചതുമൊക്കെ ഇതില്‍ എടുത്ത് പറയാവുന്ന കാര്യങ്ങളാണ്.

ഇത് തുറന്ന ഓടകള്‍ ശരിയാക്കുക മാത്രമല്ല, ജലവിതാനം വര്‍ദ്ധിക്കാനും അദ്ദേഹമാണ് കാരണക്കാരന്‍. കഴിഞ്ഞ വര്‍ഷം ഐഐടി-മദ്രാസില്‍ ഈ മാതൃക അവതരിപ്പിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല മുന്‍ കുടിവെള്ള-ശുചീകരണ മന്ത്രി ഉമാഭാരതിയില്‍ നിന്ന് അദ്ദേഹം അതിനുള്ള അവാര്‍ഡ് നേടി.

ഒരു ഐഎഎസ് ഓഫീസറാകാനുള്ള ഡോ. രാജേന്ദ്രയുടെ യാത്ര നിശ്ചയദാര്‍ഢ്യത്തിന്റെയും ഏകമനസ്സോടെയുള്ള ശ്രദ്ധയുടെയും ഉജ്ജ്വലമായ ഉദാഹരണമാണ്. ”ഇത് എളുപ്പമായിരുന്നില്ല, പക്ഷേ കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു, അത് എന്നെ വിജയിപ്പിച്ചു എന്നാണ് ഈ വിജയ നേട്ടത്തില്‍ അദ്ദേഹം പ്രതികരിച്ചത്. ഒപ്പം ‘നിങ്ങളുടെ ജീവിതസാഹചര്യത്തില്‍ വിഷാദം തോന്നരുത്. പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കരുത്. പരിഹാരങ്ങളെക്കുറിച്ചും നിങ്ങളുടെ പ്രശ്നങ്ങളെ എങ്ങനെ മറികടക്കാമെന്നും ചിന്തിക്കുക. അത് നിങ്ങളെ കൂടുതല്‍ ശക്തരാക്കും. മുന്നോട്ട് പോകാനും വിജയിക്കാനുമുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്, ”ഡോ രാജേന്ദ്ര ഭരൂദ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button