
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ അവധിക്ക് അപേക്ഷ നല്‍കി. ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. വിദേശപര്യടനം കഴിഞ്ഞ് ബുധനാഴ്ച ചുമതലയേറ്റെടുത്ത വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേലിനാണ് അവധി അപേക്ഷ നല്‍കിയത്. എന്നാല്‍, സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് രേഖപ്പെടുത്തി വിസി ലീവ് അപേക്ഷ നിരസിച്ചു.
തനിക്ക് ശാരീരികാസ്വസ്ഥതയും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റകുറച്ചിലും ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ജൂലൈ ഒന്‍പത് മുതല്‍ കുറച്ചു ദിവസത്തെ അവധി വേണമെന്നാണ് വിസിക്ക് മെയിലില്‍ അയച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അഭാവത്തില്‍ രജിസ്ട്രാറുടെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍ പറയുന്നു.
അതേസമയം, കേരളത്തില്‍ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും പ്രവര്‍ത്തകര്‍ ഗുണ്ടകളെപ്പോലെ പെരുമാറുകയായിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി. സാധാരണക്കാരായ ഓട്ടോ തൊഴിലാളികളെയും ഡ്രൈവര്‍മാരെയും സര്‍ക്കാര്‍ ജീവനക്കാരെയും ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നു. ജോലി ചെയ്യാന്‍ എത്തുന്നവരെ പോലും ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നു.
‘ഇതാണ് ബി.ജെ.പി. ഉയര്‍ത്തിക്കാട്ടിയ, കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ‘അപകട രാഷ്ട്രീയം’. പണിമുടക്കാന്‍ അവകാശമുള്ളതുപോലെ തന്നെ ജോലി ചെയ്യാനും അവകാശമുണ്ട് എന്നത് മറക്കരുത്. കേരളത്തില്‍ ഇടതും വലതും മുന്നണികള്‍ ജനങ്ങളെ വഞ്ചിച്ച് നാടിനെ പിന്നോട്ട് അടിക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവാണ് ഇന്നത്തെ പണിമുടക്ക്. സംസ്ഥാന വികസനത്തിന് ആപത്തുണ്ടാക്കുന്ന ഇത്തരം സമരരീതികള്‍ക്ക് അന്ത്യം കണ്ടേ മതിയാവൂ,’ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.




