KeralaNews

‘സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് ഒരു വികസിത കേരളം മോഡലാണ്’; രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ ഇതുവരെ നടന്നത് കേരള മോഡലല്ലെന്നും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മോഡല്‍ മാത്രമായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് ഒരു വികസിത കേരളം മോഡലാണ്. പത്താം വര്‍ഷത്തിലേക്കു കടക്കുന്ന പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ എന്‍ഡിഎ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനമോ, പുതിയ പദ്ധതിയോ നടപ്പാക്കിയിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ഫോട്ടോ ഒട്ടിച്ച് പേര് മാറ്റി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായി കാണിക്കുക മാത്രമാണ് നടക്കുന്നത്. തീരദേശത്തെ കടലാക്രമണം, മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍, യുവാക്കളുടെ വിദ്യാഭ്യാസ അവസരങ്ങളുടെ പ്രശ്നങ്ങള്‍, ദലിത് സുരക്ഷ ഇവയൊന്നും തന്നെ പരിഹരിച്ചിട്ടില്ല. പിന്നെ ഒന്‍പത് കൊല്ലത്തെ ഭരണത്തിന്റെ പേരില്‍ എന്താണ് സര്‍ക്കാര്‍ ആഘോഷിക്കാന്‍ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ദുര്‍ഭരണത്തിന്റെ ഫലം അനുഭവിക്കുന്നത് യുവാക്കളും കര്‍ഷകരും മത്സ്യത്തൊഴിലാളികളും ആശാവര്‍ക്കര്‍മാരും കെഎസ്ആര്‍ടിസി ജീവനക്കാരുമാണ്. മാറ്റം വേണമെന്ന് ജനങ്ങള്‍ പറയുന്നു. അവര്‍ക്കു വേണ്ടത് വികസനം, തൊഴില്‍, നിക്ഷേപം, അവസരങ്ങളുടെ മോഡലാണ്. നരേന്ദ്രമോദിയുടെ മോഡലാണ് ജനങ്ങള്‍ക്ക് ആവശ്യം. വികസിത കേരളം മോഡല്‍ ബിജെപിയും എന്‍ഡിഎയും മുന്നോട്ടു വയ്ക്കുകയാണ്. ഇനി ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ച വര്‍ഷങ്ങളില്‍ എട്ട് മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടും അഴിമതിയും പ്രീണന രാഷ്ട്രീയവുമല്ലാതെ നാടിനു വേണ്ടി ഒന്നും ചെയ്തില്ലന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളം വീണ പതിറ്റാണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഇന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാരിനെതിരെ സമര പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊള്ളത്തരം വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button