Kerala

പത്തനംതിട്ട വിട്ടുപോകരുതെന്ന് രാഹുലിന് നിർദേശം നൽകി അന്വേഷണ സംഘം : ചോദ്യം ചെയ്യൽ പിന്നീട്

പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ബലാത്സം​ഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശം. ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം. എന്നാൽ സെഷൻസ് ഉത്തരവ് പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിവച്ചത്. ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കഴിഞ്ഞ 11നാണ് പാലക്കാട് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ രാഹുൽ പിറ്റേന്നാണ് പത്തനംതിട്ടയിലെ വീട്ടിലെത്തിയത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇതിലൊന്ന്. ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ ബാബു കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാ‍ർ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍റെ ബെഞ്ച് പരിഗണിക്കുന്നത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ പ്രതികളായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷയും സന്ദീപ് വാര്യർ, രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. പൊലീസ് കോടതിയിൽ റിപ്പോർട്ട് ഹാജരാക്കാത്തത് കാരണം കഴിഞ്ഞ രണ്ട് തവണയും ജാമ്യാപേക്ഷയിൽ വാദം പറയുന്നത് മാറ്റി വച്ചിരുന്നു. നിലവിൽ കേസിലെ ഒന്നാം പ്രതിയായ രാഹുൽ ഈശ്വർ റിമാൻഡിയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button