പൊലീസ് അന്വേഷണവുമായി സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പോലീസ് അന്വേഷണത്തിൽ സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. ബലാത്സംഗ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത രാഹുൽ മാങ്കൂട്ടത്തിൽ പൊലീസിൻ്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാൻ തയ്യാറാകുന്നില്ല. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഐ ഫോണിൻ്റെ പാസ്‌വേർഡ് നൽകാനും രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറായിട്ടില്ല. ഇതിനിടെ രാഹുൽ താമസിച്ച പാലക്കാട്ടെ ഹോട്ടലിലെ മുറി പൊലീസ് സീൽ ചെയ്തു. മുറിയിൽ അന്വേഷണസംഘം വിശദ പരിശോധന നടത്തും.
രാത്രി 12.18നാണ് അന്വേഷണ സംഘം രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ച കെപിഎം ഹോട്ടലിലേയ്ക്ക് എത്തുന്നത്. പിന്നീട് രാഹുലിൻ്റെ റൂമിലെത്തിയ പൊലീസ് സംഘം 12.30ന് രാഹുലുമായി പുറത്തേക്കിറങ്ങി. 12.32ന് പൊലീസ് വാഹനം രാഹുലുമായി ഹോട്ടലിന് പുറത്തേയ്ക്ക് പോകുകയായിരുന്നു. അന്വേഷണ സംഘം കെപിഎം ഹോട്ടലിലേയ്ക്ക് എത്തുന്നതിന്റെ അടക്കം രാഹുലിനെ കസ്റ്റഡിയിലെടുത്ത് പുറത്തേയ്ക്ക് കൊണ്ടുവരുന്നതിൻ്റെ അടക്കം സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നൽകിയിരിക്കുന്നത്. രാഹുൽ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.




