രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍

മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ജാമ്യം ലഭിക്കാതിരിക്കുകയുമായികുന്നു. രാഹുലിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയതിരിക്കുന്നത്. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. നാളെയാകും അപേക്ഷ നല്‍കുക. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ച് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ഹാബിച്വല്‍ ഒഫന്ററാണ് എന്നുമുള്‍പ്പെടെ ഗുരുതര പരാമര്‍ശമാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്.
അന്വേഷണത്തോട് രാഹുല്‍ പൂര്‍ണമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാതെ രാഹുല്‍ എല്ലാം അഭിഭാഷകന്‍ പറയുമെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ്. പരാതിയില്‍ പറയുന്നതുപോലെ ഒരു പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം.
അതീവ രഹസ്യമായാണ് ഇന്ന് പുലര്‍ച്ചെയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലില്‍ വെച്ചാണ് ഒരു വര്‍ഷത്തിനിപ്പുറം രാഹുലിനെ പൊലീസ് പിടിച്ചതും. ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.



