യുഡിഎഫിന് തലവേദനയായി രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തലവേദന സൃഷ്ടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ഗുരുതര ആരോപണം. രാഹുലിന് പരസ്യമായി പിന്തുണച്ച് കെ സുധാകരന് രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ വിഷയത്തില്‍ ചേരിതിരിവ് രൂക്ഷമായി.
അതേസമയം, ആരോപണം ഉന്നയിച്ച യുവതി രേഖാമൂലം പരാതി നല്കിയാല് ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റേയും പൊലീസിന്റെയും തീരുമാനം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് യുവതി പരാതി നല്‍കുമെന്നാണ് വിവരം. നേതൃത്വം പുറത്താക്കിയെന്ന് പറയുമ്പോഴും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. രാഹുല്‍ വിഷയം തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എല്‍ഡിഎഫും ബിജെപിയും.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണെന്നും താന്‍ അദ്ദേഹത്തെ അവിശ്വസിക്കുന്നില്ലെന്നുമാണ് ഇന്നലെ കെ സുധാകരന് പ്രതികരിച്ചത്. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്ത് വരണമെന്നും കെ സുധാകരന് പറഞ്ഞു.
വെറുതേ അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടി സിപിഐഎമ്മും ബിജെപിക്കാരും നടത്തുന്നൊരു ശ്രമമാണ് ഇതിന്റെ പിന്നില്‍. ഒരു സത്യാവസ്ഥയുമതിനകത്ത് ഇല്ല. തീര്‍ത്തും നിരപരാധിയാണവന്‍. ഞാന്‍ അതൊക്കെ അന്വേഷിച്ചു. വഴക്ക് പറയാന്‍ വേണ്ടിയാണ് അന്വേഷിച്ചത്. മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തെറ്റിയെന്ന് തോന്നി. അദ്ദേഹത്തെ വിളിച്ചു. സംസാരിച്ചു. നമുക്ക് അവനെ കുറിച്ച് തര്‍ക്കങ്ങളില്ല. അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും നമുക്കത് പ്രശ്നമല്ല – കെ സുധാകരന് പറഞ്ഞു.


