സര്‍ക്കാര്‍ പട്ടയമേളയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ ജില്ലാ പട്ടയ മേളയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി, ശാന്തകുമാരി എംഎല്‍എ എന്നിവര്‍ക്കൊപ്പം വേദി പങ്കിട്ടു.
പാലക്കാട് പൊതു പരിപാടികളില്‍ സജീവമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാല്‍ മന്ത്രിക്കൊപ്പം വേദി പങ്കിടുന്നത് ആദ്യമായാണ്. ജില്ലയില്‍ നിന്നുള്ള എല്ലാ എംഎല്‍എമാരും പരിപാടിയില്‍ പങ്കെടുത്തു. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയില്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചിരുന്ന ശാന്തകുമാരി എംഎല്‍എയും അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടു.
സിപിഐഎം ജനപ്രതിനിധിയും കഴിഞ്ഞ ദിവസം രാഹുലിനെപ്പം വേദി പങ്കിട്ടിരുന്നു. കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ലതയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്കൊപ്പം വേദി പങ്കിട്ടത്. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലായിരുന്നും രാഹുലിനൊപ്പം സിപിഐഎം ജനപ്രതിനിധിയും പങ്കെടുത്തത്.
കഴിഞ്ഞ ദിവസം ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ചെയര്‍പേഴ്സണ്‍ പ്രമീള ശശീധരന്‍ റോഡ് ഉദ്ഘാടനത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പങ്കെടുത്തതില്‍ ബിജെപിയില്‍ നിന്നുള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ് സിപിഐഎം നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദിയിലെത്തിയത്. രാഹുലിനെ പാലക്കാട്ടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല എന്ന് ഡിവൈഎഫ്ഐ നിലപാടെടുത്തിരുന്നു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ബ്ലോക് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷ്. പ്രമീളാ ശശിധരന്‍ പാലക്കാട് എംഎല്‍എയുമായി വേദി പങ്കിട്ടതിന്റെ പേരില്‍ ബിജെപി നടപടി സ്വീകരിക്കുകയാണെങ്കില്‍ അവരെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറാണ്. അതില്‍ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം ബൈപ്പാസ് റോഡ് ഉദ്ഘാടനത്തിലാണ് പ്രമീള ശശിധരന്‍ രാഹുല്‍ മാങ്കുട്ടത്തിലിന് ഒപ്പം വേദി പങ്കിട്ടത്. രാഹുലിനെ പൊതു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന ബിജെപി നിലപാടിന് വിരുദ്ധമായായിരുന്നു ഈ നീക്കം. ലൈംഗികാരോപണത്തിന് പിന്നാലെ മാറി നിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപകാലത്ത് വീണ്ടും മണ്ഡലത്തില്‍ സജീവമാകുകയാണ്. നേരത്തെ കെഎസ്ആര്‍ടിസി ബസിന്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎല്‍എ പങ്കെടുത്തിരുന്നു. എന്നാല്‍ ഇവിടെയെല്ലാം തടയുമെന്ന നിലപാടിലായിരുന്നു സിപിഐഎമ്മും ബിജെപിയും.




