KeralaNews

യുവതിയെ ഭീഷണിപ്പെടുത്തി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പീഡന പരാതി നല്‍കിയ ബെംഗളൂരു സ്വദേശിനിയായ യുവതിയെ, കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന്റെ പിറ്റേദിവസം തന്നെ ഭയപ്പെടുത്താന്‍ രാഹുല്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കേസില്‍ രാഹുലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പ്രാരംഭ വാദത്തിലാണ് പ്രോസിക്യൂട്ടര്‍ കല്ലംമ്പള്ളി മനു ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

പരാതിക്കാരിയെ ഭയപ്പെടുത്തി കേസില്‍നിന്നു പിന്തിരിപ്പിക്കുകയായിരുന്നു രാഹുലിന്റെ ലക്ഷ്യമെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ക്രൂരമായി പീഡനത്തിന് ഇരയായ പെണ്‍കുട്ടി രാഹുലിനെ ഭയന്നാണ് കെപിസിസിയില്‍ പരാതി നല്‍കിയത്. രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നു മാത്രമല്ല കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

അവിവാഹിതയായ 21 വയസുകാരിയെ ഹോം സ്‌റ്റേയില്‍ കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തു ശാരീരിക മുറിവുകള്‍ ഏല്‍പ്പിച്ചുവെന്ന ഗുരുതരമായ കേസില്‍, ഇരയെ ബന്ധപ്പെടാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് ജാമ്യം നല്‍കിയിരുന്നതെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ നല്‍കിയിരുന്ന അഞ്ചാമത്തെ വ്യവസ്ഥ ലംഘിച്ചാണ് പ്രതി അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ ഫെബ്രുവരി 17ന് രാഹുല്‍ വാട്‌സാപ് കോള്‍ ചെയ്തതായി യുവതി പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമായി പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button