Blog

രാഹുൽ ഗാന്ധിയെ കാണാൻ തരൂര്‍; മഞ്ഞുരുകൽ പ്രതീക്ഷയിൽ കോൺ​ഗ്രസ് നേതാക്കൾ

ഡൽഹി : ഒപ്പം കൊണ്ടുവരാനുള്ള സിപിഎം നീക്കത്തിനിടെ ശശി തരൂര്‍ മറ്റന്നാള്‍ രാഹുൽ ഗാന്ധിയെ കാണും. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിലാണ്. എന്നാൽ തരൂരിന്‍റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ്.

എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്ന് വാഗ്ദാനം ചെയ്തു. പക്ഷേ കൊച്ചിയിൽ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി. രാഹുൽ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുൽ വരുന്നതിന് മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിന്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാൽ തരൂര്‍ നിഷേധിച്ചു.

പക്ഷേ ദുബായിലുള്ള അദ്ദേഹം നാളത്തെ കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പങ്കെടുക്കില്ല. നാളെ ദില്ലിയിലെത്തുന്ന തരൂര്‍ മറ്റന്നാള്‍ രാഹുലിനെ കാണും. ഇതോടെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് കേരള നേതാക്കള്‍ പ്രതീക്ഷിക്കുന്നു. സിപിഎമ്മിൽ ചേരുകയെന്ന അബദ്ധം തരൂര്‍ കാണിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തരൂരിനെപ്പോലെയൊരാള്‍ക്ക് എന്ത് സ്ഥാനം സിപിഎമ്മിന് കൊടുക്കാനാകുമെന്നാണ് അവരുടെ ചോദ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button