ന്ത്യാ പാക് സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇടപെട്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി . ട്രംപ് ഫോണില്‍ വിളിച്ച് നരേന്ദ്രാ, സറണ്ടര്‍ എന്ന് പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ചരിത്രം ഇതിന് സാക്ഷിയാണെന്നും ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. 1971ലെ ഇന്ത്യാ പാക് യുദ്ധത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെയാണ് പാകിസ്ഥാനെ തകര്‍ത്തതെന്നും രാഹുല്‍ പറഞ്ഞു. ആരുടെ മുന്നിലും തലകുനിക്കാതെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. ബിജെപിയെയും ആര്‍എസ്എസിന്റെയും ചരിത്രം തനിക്ക് നന്നായി അറിയാമെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധി പാകിസ്ഥാന്‍ ഐഎസ്‌ഐയുടെ പ്രതിനിധിയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി വക്താക്കള്‍ പറഞ്ഞു. ഇന്ത്യ-പാക് സായുധസംഘര്‍ഷം അവസാനിച്ചത് യുഎസിന്റെ ഇടപെടലിലൂടെയാണെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. യുദ്ധത്തില്‍ നിന്ന് ഇന്ത്യയേയും പാകിസ്ഥാനേയും തടഞ്ഞു. ഒരു ആണവ ദുരന്തമായി മാറിയേക്കാവുന്ന സംഘര്‍ഷമാണ് താന്‍ ഇടപെട്ട് ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞിരുന്നു.
മേയ് 10-നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നത്. താന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെന്ന്, ഇരുരാജ്യങ്ങളുടെഭാഗത്തുനിന്നും പ്രഖ്യാപനമുണ്ടാകുംമുന്‍പ് ട്രംപ് സാമൂഹികമാധ്യമത്തിലൂടെ അവകാശപ്പെട്ടിരുന്നു. പിന്നീട് പലതവണ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍, ഇരുരാജ്യങ്ങളുംതമ്മില്‍ വെടിനിര്‍ത്തല്‍ധാരണയിലെത്തുന്നതില്‍ മൂന്നാമതൊരു കക്ഷി ഇടപെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഏപ്രില്‍ 22-ന് ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായാണ് മേയ് ഏഴിന് അര്‍ധരാത്രി പാകിസ്ഥനെതിരേ ഇന്ത്യ, ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നപേരില്‍ സൈനികനടപടിയാരംഭിച്ചത്.