KeralaNews

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി

പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി. വനംവകുപ്പ് താത്കാലിക വാച്ചർ പാക്കം സ്വദേശി വി.പി പോളിന്റെയും പടമല സ്വദേശി അജീഷിന്റെയും വീടുകൾ സന്ദർശിച്ചു. ഇരു കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കഴിഞ്ഞയാഴ്ചയാണ് കര്‍ണാടകയിലെ കാട്ടില്‍ നിന്നെത്തിയ ബേലൂര്‍ മഖ്‌നയെന്ന മോഴയാനയുടെ ആക്രമണത്തില്‍ അജീഷ് മരിച്ചത്.

കണ്ണൂരില്‍ നിന്നും റോഡു മാര്‍ഗമാണ് രാഹുല്‍ ഗാന്ധി രാവിലെ വയനാട്ടിലെത്തിയത്. അജീഷിന്റെ വീട്ടിലെ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ഗാന്ധി, കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കത്തെ പോളിന്റെ വീട്ടിലെത്തി.

ഇതിനുശേഷം കടുവയുടെ ആക്രമണത്തില്‍ മരിച്ച മുടക്കൊല്ലിയിലെ പ്രജീഷിന്റെ വീടും രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. ഇതിനു ശേഷം കല്‍പ്പറ്റ പിഡബ്ലിയുഡി റസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും.

ഇതിനുശേഷം രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂരിലേക്ക് തിരിക്കും. ഉച്ചയോടെ രാഹുല്‍ഗാന്ധി അലഹാബാദിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് രാഹുല്‍ഗാന്ധി വയനാട്ടിലെത്തുന്നത്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.

രാവിലെ ഏഴരയോടെയാണ് രാഹുൽ അജീഷിന്റെ വീട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. അജീഷിന്റെ വീട്ടിലെ സന്ദർശനം കഴിഞ്ഞിറങ്ങിയ രാഹുലിനോടു സംസാരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ആവശ്യത്തിനു ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ അറിയിച്ചു. സർക്കാരിൽ സമ്മർദം ചെലുത്താമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും രാഹുൽ ഉറപ്പുനൽകി.

പിന്നാലെ കുറുവാദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ വീട്ടിലെത്തിയ രാഹുൽ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഇവിടെനിന്നു ബത്തേരിയിലേക്കാണു രാഹുൽ ഗാന്ധി പോയത്. ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും രാഹുൽ സന്ദർശിച്ചു.

ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവച്ച ശേഷമാണ് രാഹുൽ വയനാട്ടിലേക്കെത്തിയത്. യാത്ര ഇന്നു വൈകുന്നേരം പുനരാരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button