
ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ നിർണായക വാർത്താസമ്മേളനം വിളിച്ച് ലോക്സഭ പ്രതിപക്ഷ നേത് രാഹുൽ ഗാന്ധി. ‘വോട്ട് ചോരി’ ആരോപണങ്ങളുടെ പുതിയ വെളിപ്പെടുത്തൽ നടത്താനാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നതെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ‘എച്ച്’ ഫയൽസാണ് പുറത്തുവിടുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ട് കൊള്ള വിവരങ്ങളാണെന്നാണ് സൂചന. ഇന്ന് 12 മണിക്കായിരിക്കും രാഹുലിന്‍റെ വാർത്താ സമ്മേളനം. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നേ രാഹുൽ നേരത്തെ പറഞ്ഞ ‘ബോംബ്’ പൊട്ടിക്കുമോ എന്നറിയാനായി രാജ്യം ഉറ്റുനോക്കുകയാണ്.
അതേസമയം ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെയാണ് നടക്കുക. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ, സമ്രാട്ട് ചൗധരി തുടങ്ങിയവരുടെ സീറ്റുകളിൽ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ജനസുരാജ് പ്രവർത്തകന്‍റെ കൊലപാതകത്തെ തുടർന്ന് മൊകാമയിലെ ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിംഗ് അറസ്റ്റിലായ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ കൂട്ടിയിട്ടുണ്ട്. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിർണ്ണായകമാണ്. 2020 ൽ ഈ മേഖലയിലെ 121 ൽ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിംഗ് അറസ്റ്റിലായത് ആയുധമാക്കിയുള്ള പ്രചരണമാണ് അവസാന ഘട്ടത്തിൽ മഹാ സഖ്യം ശക്തമാക്കിയത്. ജൻസുരാജ് പ്രവർത്തകന്റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ കയറിയാണ് ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്തത്.
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ എൻ ഡി എ സഖ്യത്തിന് മഹാ വിജയം പ്രവചിക്കുന്ന ദൈനിക് ഭാസ്കർ ദിനപത്രത്തിന്‍റെ സർവെ ഫലം ഇന്നലെ പുറത്തുവന്നിരുന്നു. 153 മുതൽ 160 സീറ്റ് വരെ നേടി എൻ ഡി എ അധികാരം തുടരുമെന്നാണ് പ്രവചനം. തേജസ്വി യാദവും രാഹുൽ ഗാന്ധിയും നടത്തുന്ന വമ്പൻ പ്രചരണങ്ങളൊന്നും ബിഹാർ ജനതയുടെ മനം കവരില്ലെന്നാണ് സർവെ ഫലം സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും നേരിട്ട് നയിക്കുന്ന പ്രചരണം എൻ ഡി എക്ക് കരുത്താകുമെന്നും ദൈനിക് ഭാസ്കർ ചൂണ്ടികാട്ടുന്നു.


