
വോട്ട് മോഷണം ഉള്‍പ്പെടെ താൻ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ജീവന് ഭീഷണിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസ് നടപടികള്‍ക്കിടെ പുനെ കോടതിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ജീവന് ഭീഷണിയുള്ളതിനാല്‍ കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു അഭിഭാഷകനായ മിലിന്ദ് ദത്താത്രയ പവാര്‍ മുഖേന രാഹുല്‍ ഗാന്ധി അറിയിച്ചത്.
സുരക്ഷ, കേസിലെ നടപടികളുടെ നിഷ്പക്ഷത എന്നിവയിലുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ രാഹുല്‍ ഗാന്ധി അപേക്ഷ നല്‍കിയത്. നാഥുറാം ഗോഡ്സെയുടെ പിന്‍ഗാമികളില്‍നിന്ന് ജീവനു ഭീഷണിയുണ്ടെന്നും പ്രതിപക്ഷ നേതാവ് അപേക്ഷയില്‍ പറയുന്നു. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ നേരിട്ടുള്ള പിന്‍ഗാമിയാണ് തനിക്കെതിരായ പരാതിക്കാരന്‍ സത്യകി സവര്‍ക്കര്‍. അക്രമത്തിന്റെയും ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രമുള്ള വ്യക്തിയാണ് പരാതിക്കാരന്റെ കുടുംബ പരമ്പരയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.
നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂര്‍വമായ അക്രമമാണ് മഹാത്മാഗാന്ധിയുടെ കൊലപാതകം. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നു അത്. നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നീക്കം ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും രാഹുല്‍ ഗാന്ധി കോടതിയെ അറിയിച്ചു. അടുത്തിടെ തനിക്കെതിരെ ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ ഭീഷണികളും രാഹുല്‍ ഗാന്ധി കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി രണ്‍വീര്‍ സിങ് ബിട്ടു നടത്തിയ പ്രതികരണമായിരുന്നു ഇതില്‍ പ്രധാനം. ‘രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദി’ എന്നായിരുന്നു ബിട്ടുവിന്റെ പരാമര്‍ം. രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം നന്നായില്ലെങ്കില്‍ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ അതേ വിധി ഉണ്ടാകുമെന്ന തര്‍വീന്ദര്‍ സിങ് മാര്‍വയുടെ പരാമര്‍ശവും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
2023 മാര്‍ച്ചില്‍ ലണ്ടനില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സത്യകി സവര്‍ക്കര്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കിയത്. താനും അഞ്ചോ ആറോ സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മുസ്ലീമിനെ മര്‍ദിച്ചപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് വി ഡി സവര്‍ക്കര്‍ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട് എന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സത്യകി സവര്‍ക്കര്‍ കോടതിയെ സമീപിച്ചത്. രാഹുല്‍ ഗാന്ധിയുടെ ആരോപണം കളവാണെന്നും അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും സവര്‍ക്കര്‍ എവിടെയും അങ്ങനെ എഴുതിയിട്ടില്ലെന്നുമാണ് സത്യകിയുടെ അവകാശവാദം.