National

ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ഡൽഹി : അയോഗ്യനാക്കാനുള്ള ബി ജെ പി നീക്കത്തെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ കാർഷിക മേഖല മോദി വിറ്റെന്നും സത്യം പറഞ്ഞതിനാണ് തനിക്ക് എതിരായ നീക്കം എന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. ജനറൽ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഭാഗങ്ങൾ പാർലമെന്‍റിൽ വായിച്ചതും ബജറ്റിനെതിരെ നടത്തിയ വിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ ബി ജെ പി എം പി നിഷികാന്ത് ദുബെ ആണ് രാഹുലിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കിയത്. രാഹുലിനെ അയോഗ്യനാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അജീവനാന്തം വിലക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് ദുബൈ മുന്നോട്ട് വച്ചിരിക്കുന്നത്.

നേരത്തെ ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം അറിയിച്ചും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഭാവിക്കായുള്ള തീരുമാനം എടുക്കുമ്പോൾ തൊഴിലാളികളെ പൂർണമായും അവഗണിച്ചെന്നും മോദി ഇനിയെങ്കിലും അവരെ കേൾക്കുമോ, അതോ മോദിക്ക് മേലുള്ള പിടുത്തം അത്രയ്ക്ക് കടുത്തതാണോ എന്നാണ് രാഹുൽ എക്സിലൂടെ ചോദിച്ചത്. ഇന്ന് രാജ്യത്തുടനീളം ലക്ഷക്കണക്കിന് തൊഴിലാളികളും കർഷകരും അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി തെരുവിലിറങ്ങിയിരിക്കുകയാണ്. നാല് തൊഴിൽ നിയമസംഹിതകൾ (ലേബർ കോഡുകൾ) അവരുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന് തൊഴിലാളികൾ ഭയപ്പെടുന്നുവെന്നും രാഹുൽ അഭിപ്രായപ്പെട്ടു. വ്യാപാര കരാർ അവരുടെ ജീവിതോപാധിയെ ബാധിക്കുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്താൽ ഗ്രാമങ്ങളുടെ അവസാന ആശ്രയവും നഷ്ടപ്പെടുമെന്ന ഭയവും നിലനിൽക്കുന്നു. അവരുടെ ഭാവിയെക്കുറിച്ച് തീരുമാനങ്ങൾ എടുത്തപ്പോൾ അവരുടെ ശബ്ദം അവഗണിക്കപ്പെട്ടു. തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങളോടും പോരാട്ടങ്ങളോടും ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button