KeralaNews

പിഡബ്ല്യുഡി റോഡുകൾ അനുമതിയില്ലാതെ കുഴിക്കരുത്’; നിർദ്ദേശവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

മുന്‍കൂര്‍ അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ കുഴിക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. ഏത് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് ജില്ലാ കളക്ടര്‍ പരിശോധിക്കണം. ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകള്‍ കുഴിക്കാന്‍ പാടില്ലെന്നും കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.

വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അടിയന്തരമായി യോഗം ചേരണം. ഇതു സംബന്ധിച്ച് സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളണം. കുടിവെള്ള പ്രശ്‌നം പോലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് പ്രാധാന്യമനുസരിച്ച് മാത്രം റോഡ് കുഴിക്കാന്‍ അനുമതി നല്‍കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാക്കാൻ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ ഓരോ മണ്ഡലത്തിനും പരമാവധി ഏഴ് കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. അടുത്ത വികസന സമിതി യോഗം മുതല്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി ഈ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button