KeralaNews

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; കെ.സുധാകരനും രമേശ്‌ ചെന്നിത്തലയും എത്തിയില്ല

നിലമ്പൂരിൽ നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാതെ കെ സുധാകരനും രമേശ് ചെന്നിത്തലയും. രമേശ് ചെന്നിത്തല പങ്കെടുക്കാത്തത് മണ്ഡലത്തിലെ പരിപാടി ചൂണ്ടിക്കാട്ടിയാണ്. കെ സുധാകരൻ പങ്കെടുക്കാത്തതിനെകുറിച്ച് വ്യക്തതയില്ല.

അതേസമയം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ല. പാണക്കാട് സാദിഖലി തങ്ങളാണ് കൺവെൻഷനിൽ സാധാരണഗതിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ഹജ്ജ് കർമ്മത്തിനായി വിദേശത്തായതിനാൽ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങളെയായിരുന്നു പകരം പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ അദ്ദേഹം ജില്ലയിൽ ഉണ്ടായിട്ട് പോലും കൺവെൻഷനിൽ നിന്ന് വിട്ടു നിന്നു.

കൺവെൻഷനിൽ സാദിഖലി തങ്ങളെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാത്തതിലുള്ള കാരണമെന്നാണ് നിഗമനം. മാത്രവുമല്ല നേരത്തെ നിശ്ചയിച്ച ചില പരിപാടികൾ ഉണ്ടായതുകൊണ്ടാണ് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നാണ് അബ്ബാസലി തങ്ങൾ നൽകുന്ന വിശദീകരണം.

അതേസമയം, യുഡിഎഫ് കൺവെൻഷനിൽ പികെ കുഞ്ഞാലികുട്ടി അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നുവെങ്കിലും പാണക്കാട് കുടുംബത്തിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. കാരണം മലപ്പുറം ജില്ലയിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പാണക്കാട് കുടുംബത്തിലെ അംഗങ്ങൾ പങ്കെടുക്കാത്ത ഒരു പരിപാടികൾ പോലും ഇതുവരെ ഉണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button