Kerala

പിവി അന്‍വര്‍ തൃണമൂല്‍ സംസ്ഥാന കണ്‍വീനര്‍; രാജിയ്ക്ക് പിന്നാലെ നിയമനം

എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിന് പുതിയ ചുമതല. പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു. മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം സംസ്ഥാനത്ത് എത്തുമെന്നാണ് സൂചന. സംസ്ഥാനത്ത് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതും നേതൃസ്ഥാനത്തേക്ക് കൂടുതല്‍ പേരെ നിയമിക്കുന്നതുള്‍പ്പടെയുള്ള തീരുമാനം നേതാക്കളുട സന്ദര്‍ശനത്തോടനുബന്ധിച്ച് ഉണ്ടാകും. നിലവില്‍ സംസ്ഥാനത്തിന്റെ ചുമതല സുസ്മിത ദേബിനും മഹുവാ മൊയ്ത്രയ്ക്കുമാണ്. അവരുടെ നേതൃത്വത്തിലാവും സന്ദര്‍ശനം.

രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീറിനെ കണ്ടാണു പിവി അന്‍വര്‍ രാജിക്കത്തു കൈമാറിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതിനു പിന്നാലെയാണ്, അയോഗ്യത ഒഴിവാക്കാനായി അന്‍വര്‍ രാജിവച്ചത്. ശനിയാഴ്ചതന്നെ രാജിക്കത്ത് ഇമെയില്‍ അയച്ചിരുന്നെന്നും നേരിട്ടു നല്‍കേണ്ടതിനാലാണു ഇന്നു സ്പീക്കറെ കണ്ട് കത്തു കൈമാറിയതെന്നും അന്‍വര്‍ വ്യക്തമാക്കി. ഇടതുപക്ഷവുമായി തെറ്റിയശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്.

രാജി സ്പീക്കര്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ബംഗാളിലെത്തി മമതയെ കണ്ട് നേരിട്ട് ടിഎംസി മെമ്പര്‍ഷിപ്പ് എടുക്കുമെന്നും അന്‍വര്‍ പറഞ്ഞു. രാജിവയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല കൊല്‍ക്കത്തയിലേക്ക് പോയത്. ബംഗാള്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിശദീകരിക്കുകയും ചെയ്തു. വന്യജീവിനിയമം കാരണം കേരളം ബുദ്ധിമുട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദീദിയെ അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ചുപോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മമതാ ബാനര്‍ജി തനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ഈ വിഷയം ഉന്നയിക്കുമെന്നും മമത പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങാന്‍ മമത നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും അന്‍വര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button