
നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പി.വി അൻവർ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. തന്റെ ജീവന് നിലമ്പൂരുകാര്‍ക്ക് സമര്‍പ്പിക്കുകയാണ്. താനല്ല സ്ഥാനാര്‍ത്ഥി, മറിച്ച് നിലമ്പൂരിലെ ജനങ്ങളാണെന്നും അന്‍വര്‍ പറഞ്ഞു.
മലയോര കർഷകർക്ക് വേണ്ടിയിട്ടാണ് താൻ ഈ പോരാട്ടം മുഴുവൻ നടത്തിയത്. അവർക്ക് വേണ്ടിയിട്ടാണ് തന്റെ പോരാട്ടമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങൾക്ക് സമർപ്പിക്കുന്നു. ജനങ്ങൾക്ക് വേണ്ടി പദവികളും സൗകര്യങ്ങളും മുഴുവൻ ത്യജിച്ച് നിങ്ങളെ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുന്നു. തന്റെ കൂടെ വരാൻ ഒരാളുമില്ലെന്നും അൻവർ പറഞ്ഞു.
താൻ അല്ല സ്ഥാനാർത്ഥി, നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാർത്ഥിയാണ്. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പാവപ്പെട്ട, പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മലയോര കർഷകരുൾപ്പെടെ എല്ലാ സാധാരണക്കാർക്കും സമർപ്പിക്കുന്നു. വി ഡി സതീശന്റെ കാലുനക്കി മുന്നോട്ട് പോകാന്‍ താനില്ല. പോരാടി മരിക്കാന്‍ തയ്യാറാണ്. യുഡിഎഫ് ജയിച്ചാലും താന്‍ പിടിക്കുന്ന വോട്ടുകളാവും പിണറായിസത്തിനെതിരായ വോട്ടുകള്‍. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വിജയിക്കില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.