KeralaNews

‘ഒന്നുകിൽ തന്നെ വെട്ടിക്കൊല്ലും, അല്ലെങ്കിൽ ജയിലിലടച്ച് ഇഞ്ചിഞ്ചായി കൊല്ലും’; വി ഡി സതീശന് എതിരെ അൻവർ

യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായുള്ള തന്‌റെ കൂടിക്കാഴ്ച്ച മുടക്കിയത് വി ഡി സതീശനെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ സി വേണുഗോപാലിലായിരുന്നു തന്‌റെ അവസാന പ്രതീക്ഷ. കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ടിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് വെച്ച് കൂടിക്കാഴ്ച്ച നടത്താമെന്നും അറിയിച്ചിരുന്നതാണ്.

അന്‍വറിനെ കണ്ടാല്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുമെന്ന് വി ഡി സതീശന്‍ അവസാന നിമിഷം കെ സി വേണുഗോപാലിനെ അറിയിച്ചു. ഇതില്‍ നിസ്സഹായനായ കെ സി വേണുഗോപാല്‍ തിരക്കാണെന്നും പിന്നീട് സംസാരിക്കാമെന്നും പറഞ്ഞ് മനഃപൂര്‍വ്വം കൂടിക്കാഴ്ച്ചയില്‍ നിന്നും പിന്മാറുകയായിരുന്നു എന്നും പി വി അന്‍വര്‍ പറഞ്ഞു. വൈകിട്ട് അഞ്ച് മണി മുതല്‍ 7.45 വരെ കോഴിക്കോട് ടൗണില്‍ താന്‍ വെറുതേ കാത്തിരുന്നുവെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പരിഭവം പ്രകടിപ്പിച്ചു.

വി ഡി സതീശന്‌റെ നിഗൂഢലക്ഷ്യം പിണറായിസത്തെ നേരിടലല്ല മറിച്ച് പി വി അന്‍വറിനെ ഒതുക്കുക എന്നതാണ്. അന്‍വറിനെ കൊല്ലണം എന്നതാണ് വിഡി സതീശന്‌റെ ലക്ഷ്യമെന്ന ഗുരുതര ആരോപണവും പി വി അന്‍വർ ഉന്നയിച്ചു. ഒന്നുകില്‍ തന്നെ ടി പി ചന്ദ്രശേഖരന്‍ ആക്കുക അല്ലെങ്കില്‍ അബ്ദുള്‍ നാസർ മഅദ്നിയാക്കുക. തന്നെ ഒറ്റയടിക്ക് വെട്ടിക്കൊല്ലണോ അതോ ജയിലലടച്ച് ഇഞ്ചിഞ്ചായിട്ട് കൊല്ലണോ എന്നാണ് വി ഡി സതീശന്‍ ചിന്തിക്കുന്നത്. അദ്ദേഹത്തിന്‌റെ ലക്ഷ്യം തനിക്ക് നന്നായി അറിയാമെന്നും പി വി അന്‍വര്‍ തുറന്നടിച്ചു.

പിണറായിസത്തിന് എതിരെ ആഞ്ഞടിച്ചാണ് താന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതെന്ന് കെ സി വേണുഗോപാലിന് അറിയാം. കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് നിരന്തരം സംസാരിക്കാറുണ്ട്. അവരോടൊക്കെ അടങ്ങാത്ത കടപ്പാടുണ്ട്. രാജി വെച്ച ദിവസം പിണറായിസത്തെ നേരിടുമെന്നും സര്‍ക്കാരിന്‌റെ ചെയ്തികള്‍ക്കെതിരെ പോരാടുമെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു എംഎല്‍എ സ്ഥാനം ഒഴിഞ്ഞത്. അങ്ങനെയുള്ള തന്നെ വഴിനീളെ ആക്ഷേപിക്കുകയാണ് വിഡി സതീശന്‍.

പിണറായിക്കെതിരായ പോരാട്ടം നിലമ്പൂരില്‍ തുടരും.യുഡിഎഫ് ചെയര്‍മാന്‍ താനുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. തന്നെ പറ്റിയുള്ള ചര്‍ച്ച നടക്കുന്ന കാര്യമറിയില്ല. കോണ്‍ഗ്രസും മുസ്ലീംലീഗുമാണ് ചര്‍ച്ച നടത്തുന്നത്. തീര്‍ത്തും വ്യക്തിപരമായ വ്യക്തി താത്പര്യമുള്ള ചര്‍ച്ചകള്‍ മാത്രമാണ് നടത്തുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളിലാണ് തന്‌റെ പ്രതീക്ഷയെന്നും നാളെയും മറ്റന്നാളും കൂടി തീരുമാനിച്ച് തിരഞ്ഞെടുപ്പിന് മത്സരിക്കണോ എന്ന് തീരുമാനിക്കും എന്നും പി വി അന്‍വര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button