ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ മഷി പുരണ്ട വിരലുമായി പുനെയിലെ അഭിഭാഷക ; വോട്ട് ചോരി വിവാദം ആളുന്നു

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് പിന്നാലെ പുതിയ വിവാദം. ബിഹാർ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന സമയത്ത് മഷി പുരണ്ട വിരലുമായി പുനെയിൽ നിന്നുള്ള ഒരു യുവതി പോസ്റ്റ് ചെയ്ത ചിത്രം വൈറലായതാണ് പുതിയ ആരോണങ്ങൾക്ക് പിന്നിൽ. രാജ്യത്ത് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി വോട്ടുകൾ മോഷ്ടിക്കുകയാണെന്ന കോൺഗ്രസ് ആരോപണങ്ങൾക്ക് വീണ്ടും ശക്തി പകരുന്നതാണ് ഈ സംഭവവികാസങ്ങൾ.
ഹരിയാനയിലെ വോട്ടർ പട്ടികയിൽ ബ്രസീലിയൻ യുവതിയുടെ ചിത്രം ഉൾപ്പെട്ടുവെന്ന ആരോപണത്തിന് പിന്നാലെ, കോൺഗ്രസ് തങ്ങളുടെ വാദങ്ങളെ പിന്തുണയ്ക്കാൻ ചൂണ്ടിക്കാണിക്കുന്ന രണ്ടാമത്തെ ഉദാഹരണമാണിത്. പൂനെയിൽ നിന്നുള്ള അഭിഭാഷകയായ ഊർമ്മി, താൻ വോട്ട് ചെയ്തു എന്നതിന്റെ തെളിവായി വിരലിൽ മഷിയുള്ള സെൽഫി ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു. ‘മോദി-ഫൈഡ് ആയ ഇന്ത്യക്കായി വോട്ട് ചെയ്തു. ജായി കെ വോട്ട് ഡാലി, ബിഹാർ’ എന്നായിരുന്നു അടിക്കുറിപ്പ്.


