ഷിംജിത മുസ്തഫ ജയിലില്‍ നിന്ന് പുറത്തിറങ്ങി;ജയിലിന് പുറത്ത് കൂവല്‍

ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പേരില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ജാമ്യം ലഭിച്ച ഷിംജിത മുസ്തഫ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഷിംജിത പുറത്തേക്കിറങ്ങിയപ്പോള്‍ ജയിലിന് പുറത്തുണ്ടായിരുന്നവര്‍ കൂക്കി വിളിച്ച് പ്രതിഷേധിച്ചു. ദീപക്കിനെതിരായ തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു ജയിലിന് പുറത്തിറങ്ങിയ ഷിംജിതയുടെ പ്രതികരണം.
നീണ്ട 22 ദിവസങ്ങള്‍ക്കു ശേഷമാണ് ഷിംജിത ജയില്‍ മോചിതയായത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഷിംജിതയ്ക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം. മാസത്തില്‍ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍.
നേരത്തേ ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഷിംജിത ജാമ്യം തേടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.




