
എഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയഭാനു ചിബിന് ജാമ്യം. സെഷൻസ് കോടതി നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. നേരത്തെ മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. ഈ നടപടിയാണ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്. സെഷൻ കോടതി നടപടി കൃത്യമായ കാരണങ്ങൾ ഇല്ലാതെയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.
വ്യക്തി സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കണമെന്നും ഹൈകോടതി നിർദേശിച്ചു. ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലെ പ്രദർശന ഹാളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടകീയ പ്രതിഷേധം നടത്തിയത്. സർക്കാർ വിരുദ്ധവും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുമുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ കയ്യിലേന്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാർ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാണ് ഉച്ചകോടിയുടെ ഉള്ളിൽ പ്രവേശിക്കാനുള്ള അനുമതി നേടിയത്. ആദ്യം കറുത്ത കുടകളിൽ പ്രിന്റ് ചെയ്ത സ്റ്റിക്കറുകൾ ഒട്ടിച്ച് ഭാരത് മണ്ഡപത്തിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, കറുത്ത കുടകൾ ഗേറ്റുകൾക്ക് സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പടുമെന്ന് മനസ്സിലാക്കി പദ്ധതി മാറ്റി. തുടർന്ന് പ്രിന്റ് ചെയ്ത സ്റ്റിക്കറുകൾ ടീ-ഷർട്ടുകളിൽ പതിപ്പിച്ച് ഷർട്ടുകൾക്ക് താഴെ ധരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.




