അഖിലേഷ് യാദവിനെ അനുനയിപ്പിച്ച് പ്രിയങ്ക ഗാന്ധി; ഉത്തർപ്രദേശില്‍ കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം മത്സരിക്കും

0

ന്യൂഡല്‍ഹി: ഉത്തർപ്രദേശില്‍ കോണ്‍ഗ്രസ് – സമാജ് വാദി പാർട്ടി സഖ്യം ഒരുമിച്ച് മത്സരിക്കാൻ ധാരണയായി. സീറ്റ് വിഭജന ചർച്ചകളില്‍ ഉണ്ടായിരുന്ന തർക്കങ്ങള്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചാണ് അഖിലേഷ് യാദവുമായി ചേർന്ന് മത്സരിക്കുന്നത്.

യു.പിയില്‍ കോണ്‍ഗ്രസിന് 17 സീറ്റെന്ന അഖിലേഷ് യാദവിന്റെ ഫോർമുല അംഗീകരിക്കുകയായിരുന്നു. സംസ്ഥാന തലത്തില്‍ ഇന്ത്യ മുന്നണി മര്യാദയില്‍ സീറ്റ് വിഭജനം സാധ്യമല്ലെന്നായിരുന്നു സമാജ് വാദി പാർട്ടിയുടെ നിലപാട്.

കോണ്‍ഗ്രസിന് 17 സീറ്റ് നല്‍കാമെന്നാണ് എസ്.പിയുടെ ഉറപ്പ് . ഇതോടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുക്കാനുള്ള തടസ്സം മാറി. സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം നിലനിന്ന സമയത്ത് രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷ് അറിയിച്ചിരുന്നു.

80 സീറ്റുകളുള്ള യു.പിയില്‍ 63 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ. 11 സീറ്റുകളാണ് കോണ്‍ഗ്രസിനായി എസ്.പി ആദ്യം മാറ്റിവെച്ചിരുന്നത്. ആര്‍.എല്‍.ഡി പാര്‍ട്ടി എന്‍.ഡി.എയിലേക്ക് പോയതോടെ ഇവര്‍ക്കായി മാറ്റിവെച്ച ആറ് സീറ്റ് കൂടി കോണ്‍ഗ്രസിന് നല്‍കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

സംസ്ഥാനത്ത് മുമ്പ് മത്സരിച്ചിരുന്ന 21 സീറ്റുകള്‍ക്ക് പുറമേ മൂന്ന് പുതിയ സീറ്റുകള്‍ കൂടി ചേര്‍ത്ത് 24 സീറ്റുകളാണ് ഇത്തവണ എസ്.പിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.

തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇടപെട്ട് അഖിലേഷ് യാദവിനെ അനുനയിപ്പിക്കുകയും തുടര്‍ന്ന് 17 സീറ്റെന്ന ഓഫര്‍ അംഗീകരിക്കുന്നതായി അറിയിക്കുകയുമായിരുന്നു.

80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപി തേരോട്ടമായിരുന്നു. 2014ല്‍ 71 സീറ്റുകളുമായി തിളങ്ങിയപ്പോള്‍ 2019ല്‍ സംസ്ഥാനത്ത് നിന്ന് ബിജെപിയുടെ നേട്ടം 62 സീറ്റുകളായി കുറഞ്ഞിരുന്നു. യുപിയിലെ വിജയത്തിന്റെ ബലത്തില്‍ അധികാരത്തിലെത്തിയ ബിജെപി ഇത്തവണ യുപിയിലെ തോല്‍വി കാരണം പുറത്തേക്ക് പോകുമെന്ന് എസ്.പി നേതൃത്വം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here