
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. മീററ്റ് മെട്രോ സര്‍വീസിന് ഒപ്പമാണ് 82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മീററ്റ് റാപ്പിഡ് റെയില്‍ കോറിഡോറിന്റെയും ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന മീററ്റ് മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനമാണ്. പാതയില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്കുള്ള യാത്രാസമയം ഏകദേശം 55 മിനിറ്റായി കുറയും. ശതാബ്ദി നഗര്‍ സ്റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി മീററ്റ് മെട്രോയുടെയും നമോ ഭാരത് ട്രെയിനിന്റെയും ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ ആര്‍ ടി എസ്) ആണ് 82.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് കോറിഡോര്‍. ഡല്‍ഹിയിലെ സരായ് കാലെ ഖാനെയും ഉത്തര്‍പ്രദേശിലെ മോദിപുരത്തെയുമാണ് പാത ബന്ധിപ്പിക്കുന്നത്. മീററ്റ് നഗരത്തിനുള്ളില്‍ ഓടുന്ന 23 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മീററ്റ് മെട്രോ, മീററ്റ് സെക്ഷനിലെ നമോ ഭാരത് റാപ്പിഡ് റെയിലുമായി ട്രാക്കുകളും അടിസ്ഥാന സൗകര്യങ്ങളും പങ്കിടും. മെട്രോ കോറിഡോറില്‍ ആകെ 13 സ്റ്റേഷനുകളാണുള്ളത്.




