National

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സൗദി അറേബ്യയിലേക്ക്

ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി സംസാരിക്കും. വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗണ്‍സില്‍ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നല്‍കും. ഊര്‍ജ്ജ, പ്രതിരോധ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച നടക്കും. സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നല്‍കണമെന്ന അഭ്യര്‍ത്ഥന ഇന്ത്യ മുന്നോട്ട് വയ്ക്കും.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി സൗദി അറേബ്യയിലെത്തുന്നത്. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്. നരേന്ദ്ര മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവിടങ്ങുന്ന പതിനൊന്ന് അംഗ ഉന്നതതല സംഘമാണ് ഇന്ന് ജിദ്ദ സന്ദര്‍ശിക്കുക. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദ സന്ദര്‍ശിക്കുന്നത്. 1982 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സുപ്രധാന സന്ദര്‍ശനത്തിന് ശേഷം 43 വര്‍ഷം തികയുമ്പോഴാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദ സന്ദര്‍ശിക്കുന്നത്. ഇതിന് മുമ്പ് 2016ലും 2019ലും മോദി സൗദി തലസ്ഥാനമായ റിയാദ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സൗദിയുടെ വാണിജ്യ ഹബ്ബായ ജിദ്ദ സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്.

സന്ദര്‍ശനത്തില്‍ ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ സൗദിയുമായി മോദി സുപ്രധാന കരാറുകള്‍ ഒപ്പിടുമെന്നാണ് സൂചന. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ് വ്യവസായ ഇടനാഴി പുരോഗതിയും ചര്‍ച്ചയായേക്കും. ഹജ്ജ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി വിഷയമാണെന്നും അതിനാല്‍ ഇക്കാര്യത്തിലെ ചര്‍ച്ച പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഉണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. സൗദിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപ അവസരം വര്‍ധിപ്പിക്കാനും ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യം വെക്കുന്നു. 2023ല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മോദിയുടെ ഇത്തവണത്തെ സൗദി സന്ദര്‍ശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button