രാഷ്ട്രപതി ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ടയര്‍ താഴ്ന്നുപോയ സംഭവം; പൊലീസിന് സുരക്ഷാ വീഴ്ച ഇല്ല

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സമയത്ത് ടയര്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേരളാ പൊലീസ്. താത്കാലിക സൗകര്യം ഒരുക്കിയത് രാഷ്ട്രപതി ഓഫീസിന്റെ അനുമതിയോടെയാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരോടും മറ്റും ലാന്‍ഡിംഗ് സ്ഥലത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കിയിരുന്നു ഇതനുസരിച്ച് ഉദ്യോഗസ്ഥരും പൈലറ്റും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുന്‍കൂര്‍ ക്രമീകരണങ്ങള്‍ എടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു. എന്നാല്‍, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാന്‍ഡിംഗ് സ്ഥലം പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പേ ഹെലികോപ്റ്റര്‍ ഇറങ്ങിയതാണ് തറ താഴാന്‍ കാരണം.
തിരുവനന്തപുരത്തുനിന്നും രാവിലെ 9.20 നാണ് പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററില്‍ രാഷ്ട്രപതി പ്രമാടം സ്റ്റേഡിയത്തില്‍ എത്തിയത്. റോഡ് മാര്‍ഗമാണ് രാഷ്ട്രപതി പമ്പയിലെത്തിയത്. പമ്പയില്‍ നിന്ന് കെട്ടുനിറച്ച ശേഷമാണ് ദ്രൗപതി മുര്‍മു പൊലീസിന്റെ ഫോഴ്‌സ് ഗൂര്‍ഖാ വാഹനത്തില്‍ സന്നിധാനത്തേക്ക് എത്തിയത്. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തി.




