Blog

‘സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ്’: വിവാദത്തിന് കാരണം അസൂയ, കുശുമ്പ്, പുച്ഛം! ഉദ്യോഗസ്ഥരെ പിന്തുണച്ച് പ്രശാന്ത് IAS

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ച് കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത്. എന്‍. IAS. റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശന അച്ചട ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

പിന്നാലെ ജീവനക്കാര്‍ വിശദീകരണം നല്‍കി. റീല്‍ എടുത്തത് ഞായറാഴ്ച ദിവസമാണെന്നും ദുരന്ത നിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയതെന്നും വിശദീകരണത്തില്‍ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍ എടുത്തത് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് നികുതി പിരിവില്‍ തിരുവല്ല നഗരസഭയെ ഒന്നാം സ്ഥാനവും അവാര്‍ഡും ലഭിച്ചത് ഈ ഉദ്യോഗസ്ഥര്‍ കാരണമാണ്. നഗരകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

റീല്‍സ് ചിത്രീകരിച്ചതിന് പിന്നാലെയുള്ള വിവാദത്തില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കകുയാണ് പ്രശാന്ത് നായര്‍ ഐ.എ.എസ്. ചട്ടങ്ങള്‍ക്കപ്പുറം മനസ്സറിഞ്ഞ് ജോലി ആസ്വദിച്ച് ചെയ്യുന്നവര്‍ ഒരോളത്തില്‍ എന്‍ജോയ് ചെയ്ത് പണിയെടുക്കട്ടെ. റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തില്‍, പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

പ്രശാന്ത് എന്‍ IAS ന്‌റെ കുറിപ്പ് ഇങ്ങനെ

ഒമ്പത് മണിക്ക് മുന്നെയും, അഞ്ച് മണി കഴിഞ്ഞും ഞായറാഴ്ചയും മറ്റ് അവധിദിവസങ്ങളിലുമൊക്കെ കുറച്ച് സര്‍ക്കാറുദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് നിയമം അനുശാസിക്കുന്നത് കൊണ്ടല്ല. അസംബ്ലി കൂടിയിരിക്കുന്ന ഈ സമയത്ത് പല ഉദ്യോഗസ്ഥരും രാത്രി ഏറെവൈകിയാണ് ഓഫീസ് വിട്ട് പോകുന്നത്. ആ കുറച്ച് പേര്‍ക്ക് അങ്ങനെ തോന്നുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെയെങ്കിലും ഓടുന്നത്.

അങ്ങനെ ചട്ടങ്ങള്‍ക്കപ്പുറം മനസ്സറിഞ്ഞ് ജോലി ആസ്വദിച്ച് ചെയ്യുന്നവര്‍ ഒരോളത്തില്‍ എന്‍ജോയ് ചെയ്ത് പണിയെടുക്കട്ടെ. റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തില്‍, പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം.

എത്രയോ ഉയര്‍ന്ന തസ്തികയിലിരിക്കുന്നവര്‍ ജോലിസമയത്തും, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത് കൂട്ടുന്നതിനെക്കാള്‍ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലര്‍ത്തുന്നതാണ് ഇവരുടെ കലാസൃഷ്ടി. അസൂയ, കുശുമ്പ്, പുച്ഛം – മലയാളിഗുണത്രയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button