പ്രഖ്യാപനങ്ങള്‍ കൊണ്ട് മാറുന്നതല്ല ദാരിദ്ര്യം; കെ സി വേണുഗോപാൽ

ആലപ്പുഴ: അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനെതിരെ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ഇത് പാവങ്ങള്‍ക്ക് എതിരായ ഒരു നടപടിയായിട്ടാണ് കാണുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അതിദരിദ്രര്‍ക്കുള്ള പ്രത്യേക സഹായം ഇല്ലാതാകുമെന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഖ്യാപനങ്ങള്‍ കൊണ്ട് മാറുന്നതല്ല ദാരിദ്ര്യം. അത് മാറാനുള്ള നടപടിയാണ് വേണ്ടതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പി എം ശ്രീയില്‍ മാറ്റമില്ല എന്നാണ് അറിഞ്ഞതെന്നും കേരളത്തില്‍ സിപിഐഎം, സിപിഐ ഒത്തുകളിയാണ് നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. എസ്‌ഐആറിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിയമത്തിന്റെ വഴിക്ക് കേരള സര്‍ക്കാര്‍ പോകാത്തതെന്നും അദ്ദേഹം ചോദിച്ചു.
എന്തുകൊണ്ട് സര്‍ക്കാര്‍ നിയമപരമായ വഴി ചിന്തിക്കുന്നില്ല. യഥാര്‍ത്ഥ വോട്ടര്‍മാരെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ഇത്. എസ്‌ഐആറില്‍ ശക്തമായ നിരീക്ഷണവും ബോധവല്‍ക്കരണവും കോണ്‍ഗ്രസ് നടത്തും’, കെ സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ ഇതിനെതിരെ കഴിഞ്ഞ ദിവസം തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പിആര്‍ ആണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനമെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഈ പൊള്ളത്തരം പ്രതിപക്ഷം തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



