Kerala

പ്രസവാനന്തര വിഷാദത്തിന്റെ പേരില്‍ കുട്ടിയെ അമ്മയില്‍ നിന്ന്‌ അകറ്റാനാവില്ല: ഹൈക്കോടതി

പ്രസവാനന്തര വിഷാദം ഉണ്ടെന്ന കാരണത്താല്‍ കുട്ടിയുടെ സ്ഥിരം കസ്റ്റഡി അമ്മയില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. പിതാവിന് കുട്ടിയുടെ സംരക്ഷണാവകാശം നല്‍കിക്കൊണ്ടുള്ള കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ വളരെ സാധാരണവും താല്‍ക്കാലികവുമായ അവസ്ഥയാണെന്നും കോടതി വ്യക്തമാക്കി.

കുട്ടിയുടെ അമ്മയ്ക്ക് വിഷാദ രോഗം ഉണ്ടെന്ന 2023 ഫെബ്രുവരി മുതലുള്ള പഴയ മെഡിക്കല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് കുടുംബ കോടതി വിധിച്ചത്. എന്നാല്‍ അമ്മയ്ക്ക് ഇപ്പോഴും ഈ അവസ്ഥയുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതായിരുന്നുവെന്ന് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം ബി സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കുട്ടിയെ മുലയൂട്ടാന്‍ പോലും തയ്യാറല്ലാത്ത തരത്തിലാണ് അമ്മയുടെ മാനസിക നിലയെന്ന് വിശ്വസനീയമായ രീതിയില്‍ തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഒരു വയസുള്ള കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്. കുട്ടിയെ സ്ഥിരമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട്, തനിക്ക് മാനസിക വൈകല്യമുണ്ടെന്നുള്ള അനുമാനം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ കുട്ടിയെ ഇപ്പോഴും മുലയൂട്ടുന്നുണ്ടെന്നും കുഞ്ഞ് പിതാവിനൊപ്പം പോകാന്‍ തയ്യാറല്ലെന്നും അമ്മ വാദിച്ചു. മാത്രമല്ല അമ്മയില്‍ നിന്ന് മാറ്റുമ്പോള്‍ കുട്ടിയുടെ മാനസിക, വൈകാരിക ആഘാതത്തിന് കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കുകയും പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന റിപ്പോര്‍ട്ട് വരികയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button