International

ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകത്തോടുള്ള ആദ്യ അഭിസംബോധനയില്‍ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ. ശാശ്വത സമാധാനം പ്രതീക്ഷിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. ഇനിയൊരു യുദ്ധം വേണ്ടെന്നും അദ്ദേഹം ലോകത്തിലെ പ്രധാനശക്തികളോട് ആവശ്യപ്പെട്ടു. യുക്രെയ്ന്‍ യുദ്ധത്തിലെ ശാശ്വത സമാധാനത്തിനും ഗാസയിലെ വെടിനിര്‍ത്തലിനും പാപ്പ ആഹ്വാനം ചെയ്തു.

‘വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആഹ്ലാദകരം. കൂടുതല്‍ ചര്‍ച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകട്ടെ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ. ലോകത്തെ പല ഭാഗങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരട്ടെ’, അദ്ദേഹം പറഞ്ഞു. 267ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി സെന്റ് പീറ്ററിലെ സ്‌ക്വയറില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ.

മെയ് എട്ടിനാണ് കത്തോലിക്ക സഭയുടെ പുതിയ മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്നാണ് യഥാര്‍ത്ഥ നാമം. അമേരിക്കയിലെ ചിക്കാഗോ സ്വദേശിയാണ് റോബര്‍ട്ട് പെര്‍വോസ്റ്റ്. കത്തോലിക്ക സഭാ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മാര്‍പാപ്പയാകുന്നത്. 30 വര്‍ഷത്തോളം ഒരു മിഷനറിയായി പ്രവര്‍ത്തിച്ച റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവില്‍ പിന്നീട് ആര്‍ച്ച് ബിഷപ്പായും പ്രവര്‍ത്തിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പ്രെവോസ്റ്റ് കണക്കാക്കപ്പെടുന്നത്. 2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കര്‍ദ്ദിനാള്‍ പ്രെവോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button