Blog

രഞ്ജിത്തിന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തി പൊലീസ് : ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി

ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തി പൊലീസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കനത്തോടെയാണ് സുരക്ഷ ഏർപ്പെടുത്തിയത്. കോഴിക്കോട് ചാലപ്പുറത്തെ വീടിനാണ് പൊലീസ് സുരക്ഷ. അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചേക്കുമെന്നാണു സൂചന. ഔദ്യോഗിക വാഹനത്തിലെ ബോർഡ് ഊരിമാറ്റിയാണ് വയനാട്ടില്‍നിന്നും കോഴിക്കോട്ടെ വസതിയിലേക്ക് ര‍ഞ്ജിത്ത് മടങ്ങിയത്. ഇതോടെയാണു രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചത്.

അതിനിടെ രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ നിലപാട് മാറ്റി. രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് വൻ വിവാദമായതിനു പിന്നാലെയാണ് നിലപാട് മാറ്റം. ഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി ശ്രീലഖ മിത്രയ്ക്കു നേരിട്ടെത്തി പരാതി നല്‍കാന്‍ കഴിയില്ലെങ്കില്‍ ഏതു തരത്തില്‍ പരാതി സ്വീകരിക്കാന്‍ കഴിയുമെന്നു ചിന്തിക്കുമെന്നു മന്ത്രി വൈകിട്ടു പറഞ്ഞു. അക്കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. അന്വേഷണം നടത്തി ആരോപണവിധേയന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജിയില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്ത് ആണെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ രഞ്ജിത്തിനെതിരെ നടപടി വേണം എന്നാവശ്യം ശക്തമാവുകയാണ്. സിപിഐ ഉൾപ്പടെ രഞ്ജിത്തിനെതിരെ രം​ഗത്തെത്തി. സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ലൈം​ഗിക അതിക്രമത്തിന് ശ്രമിച്ചത്. എന്നാൽ നടിയുടെ ആരോപണം തെറ്റാണെന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്. സിനിമയുടെ ഒഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചതെന്നും കഥാപാത്രത്തിന് ചേരാത്തതിനാൽ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാൽ ഇത് നടി നിഷേധിച്ചു. രഞ്ജിത്ത് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button