
സൗമ്യ വധകേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടാൻ ദിവസങ്ങൾക്ക് മുൻപ് തന്നെ പദ്ധതി ആരംഭിച്ചിരുന്നുവെന്ന് പൊലീസ്. ചാടി പോയ വിവരം മനസ്സിലാക്കിയ ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലയിൽ ഉടനീളം പരിശോധന വ്യാപിപ്പിച്ചിരുന്നുവെന്നും കൃത്യമായ സെർച്ച് ഓപ്പറേഷൻ വഴിയാണ് പ്രതിയെ പിടികൂടിയതെന്നും സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലർച്ചെ 4.15നാണ് പ്രതി ജയിൽ ചാടിയത്. വിവരം പുറത്ത് വിട്ടത്തോടെ പൊതുജനങ്ങളിൽ ചിലർ ബന്ധപ്പെട്ടിരുന്നു. ഇതിൽ മൂന്നോളം പേർ കൃത്യമായ വിവരം നൽകി. സ്ഥലത്ത് എത്തുമ്പോൾ കിണറ്റിനുള്ളിൽ മറഞ്ഞ് നിൽക്കുന്ന രീതിയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പ്രതി ജയിൽ ചാടാൻ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്തും. പ്രതിയുടെ കൈയ്യിൽ നിന്ന് ചെറിയ ആയുധങ്ങൾ കണ്ടെത്തി. ഇതെങ്ങനെ ഉപയോഗിച്ചുവെന്ന് കണ്ടെത്തും. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ബാക്കി നടപടികളിലേക്ക് കടക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതിയെ കണ്ടെത്താൻ സഹായിച്ച മാധ്യമങ്ങൾക്കും നാട്ടുകാർക്കും പൊലീസ് നന്ദി അറിയിച്ചു.
സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ ഇന്ന് രാവിലെ 10.40 ഓയോടെയാണ് പിടി കൂടിയത്. കിണറ്റില്‍ നിന്നാണ് പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ശേഷം ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദൃശ്യങ്ങള്‍ റിപ്പോർട്ടറിന് ലഭിച്ചു. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്.