Kerala

പത്തനംതിട്ടയില്‍ വിവാഹ സംഘത്തിന് മർദ്ദനം: എസ്‌ഐയെ സ്ഥലംമാറ്റി

പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. അന്വേഷണ വിധേയമായിട്ടാണ് എസ്പിയുടെ നടപടി. അന്വേഷണത്തിന് ശേഷം തുടര്‍നടപടി ഡിഐജി സ്വീകരിക്കും.

വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. മര്‍ദ്ദനത്തില്‍ തോളെല്ലിന് പൊട്ടലേറ്റ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. മര്‍ദ്ദനത്തില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അടൂരില്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികള്‍ക്കാണ് പൊലീസിൽ നിന്നും മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ജിപ്പില്‍ നിന്നും ഇറങ്ങിയപാടെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഓടെടാ എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നും മർദ്ദനമേറ്റവർ പറയുന്നു. ചിലര്‍ക്ക് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button