അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചെന്ന് പൊലീസ്; ധര്‍മ്മസ്ഥലയില്‍ ഗുരുതര വീഴ്ച

ധര്‍മ്മസ്ഥലയില്‍ പൊലീസിന്റെ ഗുരുതര വീഴ്ചകള്‍ വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചെന്ന് പൊലീസ് പറയുന്നു. 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകളാണ് നശിപ്പിച്ചത്. എന്നാല്‍ പഞ്ചായത്തില്‍ നിന്ന് ഈ രേഖകള്‍ നേരത്തെ തന്നെ പ്രത്യേക അന്വേഷണസംഘം കൈപ്പറ്റിയിരുന്നു. എന്നാല്‍ പരിശോധന സംബന്ധിച്ച ട്വന്റിഫോര്‍ ചോദ്യങ്ങളോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പ്രതികരിച്ചില്ല.
ഇതിനിടെ ധര്‍മ്മസ്ഥലയില്‍ കൂട്ട ശവസംസ്‌കാര വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ വധഭീഷണിയെന്ന് പരാതി. പ്രത്യേക അന്വേഷണ സംഘത്തില്‍(എസ്ഐടി) അംഗമായ ഉത്തര കന്നട ജില്ലയിലെ സിര്‍സി റൂറല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മഞ്ചുനാഥ് ഗൗഡയാണ് പരാതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. 20 പേരെ കൂടി ഉള്‍പ്പെടുത്തി എസ്ഐടി വിപുലീകരിച്ചപ്പോള്‍ ഇടം നേടിയ ഉദ്യോഗസ്ഥനാണിത്.
കഴിഞ്ഞ മാസം 11ന് ബെല്‍ത്തങ്ങാടി പ്രിന്‍സിപ്പല്‍ സിവില്‍ ജഡ്ജിയും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമായ കെ. സന്ദേശ് മുമ്പാകെ ഹാജരായ പരാതിക്കാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സാക്ഷി സംരക്ഷണ പരിധിയിലായി. തനിക്കും കുടുംബത്തിനും സംരക്ഷണം വേണം എന്ന നിബന്ധനയോടെയാണ് ധര്‍മ്മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയായ ദലിതന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണിയുണ്ടായതോടെ സാക്ഷി സുരക്ഷ നഷ്ടമാവുകയാണ്.ഒപ്പം എസ്ഐടി നിഷ്പക്ഷതയെക്കുറിച്ച് പുതിയ ആശങ്കകളും ഉയരുന്നു.