പി എം ശ്രീയിലെ ഇടപെടൽ ; ജോൺ ബ്രിട്ടാസ് എം പിയെ പിന്തുണച്ച് മുഖ്യമന്ത്രി, ‘നാടിന്‍റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം’

പി എം ശ്രീയിലെ ഇടപെടലില്‍ ജോൺ ബ്രിട്ടാസ് എം പിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാർലമെന്‍റ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ്. ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപിയാണെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാടിന്‍റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം. സഭാ സമ്മേളനത്തിന് മുമ്പ് പാർലമെന്‍റ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് അതുകൊണ്ടാണാണ്. രാജ്യസഭ അംഗമെന്ന നിലയിൽ ബ്രിട്ടാസ് ആ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പാർട്ടി കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണെന്നും അതില്‍ കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മസാല ബോണ്ടിലെ കിഫ്ബിക്കെതിരായ ഇഡി നോട്ടീസ് പരിഹാസ്യമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നോട്ടീസ് തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ളതാണ്. ആരോപണം രണ്ട് കയ്യുമുയര്‍ത്തി സ്വീകരിക്കും. കിഫ്ബി വഴി വികസനം ഞങ്ങള്‍ ചെയ്തതാണെന്നും എല്ലാം ചെയ്തത് ആര്‍ബിഐയുടെ അനുമതിയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി സി നിയമനത്തില്‍ സുപ്രീംകോടതി നിർദേശ പ്രകാരമാണ് മുൻഗണനക്രമ പട്ടിക സർക്കാർ നൽകിയത്. ആ നിർദേശം ഗവർണർ ലംഘിക്കുകയാണ്. അത് എന്തിനെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.




