Kerala

പിഎം ശ്രീ വിവാദം : പിന്മാറ്റത്തിൽ സർക്കാർ കേന്ദ്രത്തിന് കത്തയക്കാത്തതില്‍ അതൃപ്തിയുമായി സിപിഐ

പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. ധാരണ തെറ്റിച്ചാൽ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. സാങ്കേതികമായ കാലതാമസമാണെന്നും ഉടൻ കേന്ദ്രത്തിന് കത്തയക്കുമെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു.

സിപിഐയുടെ കടുത്ത പ്രതിഷേധത്തിന് വഴങ്ങി കരാറിൽ നിന്ന് പിന്മാറാൻ സിപിഎം തീരുമാനമെടുത്തത് കഴിഞ്ഞ ബുധനാഴ്ചയാണ്. അന്നത്തെ മന്ത്രിസഭാ യോഗവും പിന്മാറ്റത്തിൽ തീരുമാനമെടുത്തു. കരാർ പഠിക്കാൻ ഉപസമിതിയെയും വെച്ചു. പക്ഷെ രാഷ്ട്രീയ തീരുമാനമെടുത്ത് ഒരാഴ്ചയായിട്ടും വിദ്യാഭ്യാസ വകുപ്പ് കത്തയച്ചില്ല. എജിയുടെ നിയമോപദേശം കാക്കുന്നുവെന്നാണ് വകുപ്പിൻ്റെ വിശദീകരണം. ഇതിലാണ് സിപിഐയുടെ അതൃപ്തി. രാഷ്ട്രീയമായി ഉണ്ടാക്കിയ ധാരണ പാലിക്കണമെന്ന് ബിനോയ് വിശ്വം സിപിഎം നേതാക്കളെ വിളിച്ച് ആവശ്യപ്പെട്ടു. കത്ത് വൈകുന്നതിലെ അതൃപ്തിയും അറിയിച്ചു. ധാരണ തെറ്റിച്ചാൽ പാർട്ടിക്ക് വീണ്ടും പരസ്യ നിലപാട് എടുക്കേണ്ടി വരുമെന്നത് ബിനോയ് അറിയിച്ചെന്നാണ് വിവരം. സാങ്കേതികമായ കാലതാമസം മാത്രമെന്നായിരുന്നു സിപിഎം മറുപടി. ഉടൻ കത്ത് അയക്കുമെന്നുള്ള ഉറപ്പാണ് സിപിഎം സിപിഐക്ക് നൽകിയത്. എസ്എസ്കെ ഫണ്ട് കിട്ടാൻ വിദ്യാഭ്യാസ വകുപ്പ് കത്ത് വൈകിപ്പിച്ചെന്നാണ് സിപിഐ വിലയിരുത്തൽ

ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിലും കത്ത് അയപ്പിക്കാനുള്ള സമ്മർദ്ദം തുടരാൻ ആവശ്യം ഉയർന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ആയിരിക്കെ പരസ്യ വിമർശനം വേണ്ടെന്നാണ് പാർട്ടിയിലെ പൊതുധാരണ. ഫണ്ട് കിട്ടുകയും കരാറിൽ നിന്ന് ഇതുവരെ പിന്മാറിയതായി അറിയിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പിഎം ശ്രീ കരാറിലെ വ്യവസ്ഥകൾ നിലവിൽ കേരളത്തിന് ബാധകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button