Blog

രാഷ്ട്രപതിയെ അപമാനിച്ച തൃണമൂൽ കോൺ​ഗ്രസിന് ബം​ഗാളിലെ ജനങ്ങൾ വൈകാതെ മറുപടി നൽകും : പ്രധാനമന്ത്രി

ഡൽഹി : രാഷ്ട്രപതിയെ അപമാനിച്ച തൃണമൂൽ കോൺ​ഗ്രസിന് ബം​ഗാളിലെ ജനങ്ങൾ വൈകാതെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയെ എന്നും ബഹുമാനിച്ചിട്ടേയുള്ളൂവെന്നും, തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് വിവാദമെന്നും മമത ബാനർജി പറഞ്ഞു. ബംഗാൾ സർക്കാറിന്റെ ഇടപെടലുകൾ രാഷ്ട്രപതിയെ നേരിട്ട് ധരിപ്പിക്കാൻ തൃണമൂൽ കോൺ​ഗ്രസ് നീക്കം തുടങ്ങി.

പശ്ചിമബം​ഗാളിലെ പ്രോട്ടോക്കോൾ വിവാദത്തിൽ മമത ബാനർജിക്കെതിരായ കടന്നാക്രമണം തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ പൊതുപരിപാടിയിലാണ് മോദിയുടെ വിമർശനം. ഇന്ന് വനിതാ ദിനം ആഘോഷിക്കുമ്പോൾ ഇന്നലെ രാഷ്ട്രപതിയെ അപമാനിച്ചത് വലിയ വേദനയുണ്ടാക്കുന്നു. ടിഎംസി രാഷ്ട്രപതിയെയും പാവനമായ പരിപാടിയെയും ബഹിഷ്കരിച്ചെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും അപമാനിച്ച നടപടിയാണ് ഉണ്ടായതെന്നും മോദി പറഞ്ഞു. അഹങ്കരിക്കുന്ന വ്യക്തി എത്ര ശക്തനാണെങ്കിലും അവസാനം നഷ്ടമായിരിക്കും ഫലം. ടിഎംസിയുടെ അധികാരത്തിന്റെ അഹങ്കാരം വൈകാതെ അവസാനിക്കും. ബം​ഗാളിലെ ജനതയും രാജ്യവും ഇതിന് മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ സിലി​ഗുരിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താത്തതിൽ ബം​ഗാൾ ചീഫ് സെക്രട്ടറിയോട് ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിക്ക് ഒരുക്കിയ ശുചിമുറിയിൽ വെള്ളമില്ലാത്തതും, ചടങ്ങ് നടക്കുന്ന സ്ഥലത്തേക്കു പോകുമ്പോൾ റോഡിൽ മാലിന്യങ്ങൾ കണ്ടതിലുമടക്കം വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഒരു പ്രോട്ടോക്കോൾ ലംഘനവുമുണ്ടായിട്ടില്ലെന്നാണ് മമത ബാനർജിയുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button